തന്റെ ഭദ്രാസനത്തിൽ ഉൾപ്പെട്ട യാക്കോബായ പള്ളികൾ പിടിക്കാൻ ആവശ്യപ്പെട്ടതായി മാർ അപ്രേം മെത്രാപോലീത്ത വെളിപ്പെടുത്തി
ഡോ. സക്കറിയാസ് മാർ അപ്രേം
ഓർത്തഡോക്സ് സഭാ നേതൃത്വത്തിനെതിരെ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം. സഭാ നേതാക്കൾ പള്ളി പിടിത്തക്കാരാണെന്നാണ് മെത്രാപോലീത്തയുടെ ആരോപണം. തന്റെ ഭദ്രാസനത്തിൽ ഉൾപ്പെട്ട യാക്കോബായ പള്ളികൾ പിടിക്കാൻ ആവശ്യപ്പെട്ടതായി മാർ അപ്രേം മെത്രാപോലീത്ത വെളിപ്പെടുത്തി. നടക്കില്ലെന്ന് താൻ മറുപടി നൽകിയെന്നും മെത്രാപോലീത്ത അറിയിച്ചു.
മുൻ കാതോലിക്ക ബാവയുടെ അസിസ്റ്റന്റ് ആയിരുന്നു മാർ അപ്രേം. സഭയുടെ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലക്കാരനുമാണ്. ഈയടുത്ത കാലത്തായി യാക്കോബായ സഭാ നേതൃത്വവുമായി ഇദ്ദേഹം അടുപ്പം സൂക്ഷിക്കുന്നുണ്ട്. യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസുമായി ഇദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. ഈ അടുപ്പത്തിന്റെ ഭാഗമായാണോ മാർ അപ്രേമിന്റെ വിമർശനം എന്നാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ഉറ്റുനോക്കുന്നത്.
സഭാ നേതൃത്വത്തിനെതിരായ പരാമർശത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് മാത്യൂസ് ത്രിദീയ കാതോലിക്കാ ബാവയുടെ നിർദേശം. മറുപടി നൽകുമെന്ന് മാർ അപ്രേം അറിയിച്ചിട്ടുണ്ട്. അതേസമയം, മാർ അപ്രേമിൻ്റെ സഭാ ഭരണഘടനാ വിരുദ്ധ പരാമർശം ചർച്ച ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കാൻ മലങ്കര സഭയുടെ അടിയന്തര സിനഡ് മെയ് 23 ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരും.