
ലേസർ അധിഷ്ഠിത ആയുധ വികസനത്തില്‍ ചരിത്ര മുന്നേറ്റവുമായി കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രതിരോധ ഗവേഷണ കേന്ദ്രം. ഡ്രോണുകളെയും മിസൈലുകളെയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ള ലേസർ ആയുധം വിജയകരമായി പരീക്ഷിച്ചു. 30 കിലോവാട്ട് ശക്തിയുള്ള ആയുധമാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.
മിസൈലുകൾ, ഡ്രോണുകൾ, ചെറുവിമാനങ്ങൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ഹൈപവർ പവർ ലേസർ സാങ്കേതികവിദ്യയാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്തത്. അത്യുഗ്ര ശേഷിയുള്ള കൗണ്ടർ ഡ്രോൺ സിസ്റ്റമാണിത്. തദ്ദേശീയമായി നിർമിച്ച 30 കിലോവാട്ട് എംകെ-ടു എ ലേസർ-ഡയറക്‌ടഡ് എനർജി വെപ്പൺ സിസ്റ്റം കുർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്. ലക്ഷ്യങ്ങൾ കണ്ടെത്തി പ്രകാശവേഗത്തിൽ തകർക്കുന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
ജാമിങ് കമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് സിഗ്നലുകൾ എന്നിവയുൾപ്പെടെ വിപുലമായ ഇലക്ട്രോണിക് സാങ്കേതിക വിദ്യകളും ലേസർ ആയുധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയും ഈ ആയുധത്തിനുണ്ട്. വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങൾ വഴി വേഗത്തിൽ ഈ ആയുധം വിന്യസിക്കാൻ കഴിയും. വൈകാതെ തന്നെ ഇന്ത്യൻ സേനകൾക്കും അർധസൈനിക വിഭാഗങ്ങൾക്കും ലേസർ ആയുധം ലഭ്യമാകും. ഇതോടെ യുഎസ്, ചൈന, റഷ്യ എന്നിവർക്ക് പുറമേ ലേസർ അധിഷ്ഠിത ആയുധ ശേഷിയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഭീമമായ ചെലവാണ് ഓരോസമയത്തും വേണ്ടിവരിക. ലേസര്‍ ആയുധങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ ശത്രുവിൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. 20 കിലോമീറ്റർ ദൂരപരിധിയിൽ എതിരാളികളുടെ ആയുധങ്ങളെ തകർക്കുന്ന 'സൂര്യ' എന്ന പ്രതിരോധ സംവിധാനവും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. 300 കിലോവാട്ട് ശേഷിയുള്ള സൂര്യയും ലേസർ അധിഷ്ഠിത ആയുധ സംവിധാനമാണ്.