ലഹരി വിൽപ്പന, രാസലഹരിയില്‍ അക്രമം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് എട്ടോളം കേസുകള്‍‌

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ ലഹരി വസ്തുക്കൾ പിടികൂടി
ലഹരി വിൽപ്പന, രാസലഹരിയില്‍ അക്രമം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് എട്ടോളം കേസുകള്‍‌
Published on

കളമശേരി സർക്കാർ പോളിടെക്നിക് കോളേജിലെ ഹോസ്റ്റൽ റെയ്ഡിന് പിന്നാലെ സംസ്ഥാനത്താകെ ഇന്ന് നടന്നത് വൻ ലഹരിവേട്ട. ലഹരി വിൽപ്പനയും രാസ ലഹരിയിലുള്ള അക്രമവും അടക്കം എട്ടോളം കേസുകളാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. വയനാട്ടിൽ മിഠായി രൂപത്തിൽ വില്പന നടത്തിയ കഞ്ചാവ് പിടികൂടിയപ്പോൾ കൊല്ലത്ത് ലഹരിക്കടിമയായ പ്രതി പൊലീസിനെ ആക്രമിച്ചു.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ ലഹരി വസ്തുക്കൾ പിടികൂടി. എറണാകുളം കളമശ്ശേരിയിൽ സർക്കാർ പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്നും രണ്ടുകിലോ കഞ്ചാവാണ് പിടികൂടിയത്. കേസിൽ മൂന്ന് വിദ്യാർഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കൊല്ലത്ത് 12 ഗ്രാം എംഡിഎംഎ യുമായി രണ്ടുപേരെ പൊലീസ് പിടികൂടി. സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം ഇടവ സ്വദേശികളായ സജീവ്, ഡിപിൻ, എന്നിവ‍ർ പിടിയിലായത്. ചവറയിൽ നിന്നും പതിനേഴ് ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിലായി. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പുലർച്ചെ മൂന്ന് മണിക്കാണ് പൻമന വടുതല സ്വദേശി ഗോകുലിനെ പിടികൂടിയത്. തിരുവനന്തപുരത്തെ മൊത്തവിൽപ്പനക്കാരനിൽ നിന്നുമാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.



വയനാട് സുൽത്താൻ ബത്തേരിയിൽ മിഠായി രൂപത്തിൽ വില്പനയ്‌ക്കെത്തിച്ച കഞ്ചാവ് പിടികൂടി. ബത്തേരി അർബൻ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. സമൂഹമാധ്യമം വഴിയാണ് കഞ്ചാവ് മിഠായിയെ കുറിച്ച് അറിഞ്ഞതെന്നും മുപ്പത് രൂപ നിരക്കിൽ വില്പന നടത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇടുക്കി അടിമാലിയിൽ നാർക്കോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവുമായി പത്തൊൻപതുകാരനാണ് പിടിയിലായത്. ഇരുമ്പ് പാലത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വില്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.

Also Read: "കഞ്ചാവ് വേണ്ടവര്‍ 500 നൽകണം"; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

പത്തനംതിട്ട പുളിക്കീഴിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കട പ്രാദേശിക ഭരണകൂടം പൂട്ടിച്ചു. യുപി സ്വദേശികളായ കട ഉടമയും, സഹായിയും കഴിഞ്ഞ ദിവസം എക്സൈസ് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് കട പൂട്ടിച്ചത്. ചങ്ങനാശേരി തെങ്ങണയിൽ 1.41 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നാണ് അസിം ചങ്മയ് എന്നയാൾ പിടിയിലായത്. ഇയാൾ കഞ്ചാവ് മൊത്തവില്പനക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ കൊല്ലത്ത് ലഹരിക്കടിമയായ മോഷണക്കേസ് പ്രതി ഗോകുൽ പൊലീസിനെ ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ തലയിടിച്ച് പൊട്ടിച്ച പ്രതി ലോക്കപ്പിലും പരാക്രമം നടത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com