ഹോളോഗ്രാമിലൂടെ ബെറ്റിയെ പുനർനിർമിച്ച് തെരുവിൽ പ്രത്യക്ഷമാക്കി, അതിലൂടെ കൊലപാതകത്തിന് തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഡച്ച് പൊലീസ്
പതിനഞ്ച് വർഷങ്ങള്‍ക്ക് മുന്‍പ് ആംസ്റ്റർഡാമിലെ ചുവന്ന തെരുവിലുണ്ടായ ഒരു കൊലപാതകത്തിന്‍റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ഡച്ച് പൊലീസ്. ലൈെംഗിക തൊഴിലാളിയായിരുന്ന ബെർനഡെറ്റ് ബെറ്റി സാബോ എന്ന 19 വയസുകാരിയുടെ കൊലപാതകിയെ കണ്ടെത്താൻ പൊലീസ് സ്വീകരിച്ച മാർഗമാണ് ശ്രദ്ധേയമാകുന്നത്. ഹോളോഗ്രാമിലൂടെ ബെറ്റിയെ പുനർനിർമിച്ച് തെരുവിൽ പ്രത്യക്ഷമാക്കി അതിലൂടെ കൊലപാതകത്തിന് തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഡച്ച് പൊലീസ്.
ആംസ്റ്റർഡാമിന്‍റെ ചുവന്ന തെരുവുകളില്‍ കൊല്ലപ്പെട്ട ബെറ്റി സാബോ എന്ന 19കാരിയുടെ ഹോളോഗ്രാം ചിത്രമാണിത്. കിഴക്കൻ ഹംഗേറിയിലെ നീരെജ്‌ഹെെസയില്‍ നിന്ന് 18ാം വയസിലാണ് അവള്‍ ലെെംഗികതൊഴിലാളിയായി ആംസ്റ്റർഡാമിലേക്ക് എത്തുന്നത്. പൂർണഗർഭിണിയായിരിക്കെ പോലും ആഴ്ചയിലെല്ലാ ദിവസവും 14 മണിക്കൂർ വരെ വിശ്രമമില്ലാതെ അവള്‍ തൊഴിലെടുത്തിരുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞിനെങ്കിലും ദാരിദ്രത്തില്‍ നിന്ന് മോചനമുണ്ടാകണം എന്ന ആഗ്രഹത്തോടെയാണ്.
എന്നാല്‍ പിറന്നയുടന്‍ ഡച്ച് സർക്കാർ കുഞ്ഞിനെ ഏറ്റെടുത്തു. അമ്മ ലെെംഗിക തൊഴിലാളിയാണ് എന്നതായിരുന്നു കാരണം. ഇതോടെ പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ തൊഴിലിലേക്ക് മടങ്ങി. ബെറ്റിക്ക് പിറന്ന ആണ്‍കുഞ്ഞ് പിന്നീടൊരിക്കലും അമ്മയെ കണ്ടിട്ടില്ല, 2009 ഫെബ്രുവരി 19ന് ജോലി ചെയ്തിരുന്ന ഹോട്ടല്‍ മുറിക്കുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ ബെറ്റിയുടെ മൃതദേഹം സഹപ്രവർത്തകർ കണ്ടെടുത്തു.
ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; 11 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു
തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ ഒരു നഗരമധ്യത്തില്‍ പട്ടാപ്പകലാണ് കൗമാരക്കാരി കൊല്ലപ്പെട്ടത്. ഗുരുതരമായ സുരക്ഷാപ്രശ്നമായി വാർത്ത പുറത്തുവന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കേസന്വേഷണം നടന്നു. എന്നാല്‍ ഒരു തുമ്പും കിട്ടിയില്ല. ആ ദിവസം ബെറ്റിയുടെ സേവനം തേടിയവരില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലാതെ വെറുതേവിടേണ്ടി വന്നു. വർഷങ്ങള്‍ക്കിപ്പുറം കൊലപാതകി ആരാണെന്ന് കണ്ടെത്താനുള്ള അവസാന ശ്രമത്തിലാണ് ഡച്ച് പൊലീസ്.
ആംസ്റ്റർഡാമിലെ ചുവന്ന തെരുവില്‍ അവള്‍ നിന്നിരുന്ന ചില്ലുകൂടാരത്തില്‍ ബെറ്റിയുമായി വിദൂര സാദൃശ്യം മാത്രമുള്ള ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചു. അതിനൊപ്പം, അവളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളുടെ തീയതികള്‍ അടയാളപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ വിനോദസഞ്ചാരിയായി ആംസ്റ്റർഡാമിലെത്തിയ വിദേശികളിലാരെങ്കിലുമാകാം എന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല. അതുകൊണ്ടുതന്നെ, ബെറ്റിയെ തിരിച്ചറിയുന്ന ആരെങ്കിലും നല്‍കുന്ന ചെറിയ സൂചന പോലും പൊലീസിന് വിലപ്പെട്ടതാണ്. പ്രസിദ്ധമായ ചുവന്നതെരുവ് നഗരമധ്യത്തില്‍ നിന്ന് ഉള്‍പ്രദേശങ്ങളിൽ എവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനുള്ള ചർച്ചയിലാണ് ആംസ്റ്റർഡാം ഭരണകൂടം. ഇത് ലെെംഗിക തൊഴിലാളികളുടെ സുരക്ഷ കൂടുതല്‍ അപകടത്തിലാക്കുമെന്ന് എതിർപ്പുയരുന്ന സാഹചര്യത്തില്‍ ബെറ്റി ആ ജനവിഭാഗത്തിന്‍റെ പ്രതിനിധിയായി നിന്നുകൊണ്ടാണ് നീതി തേടുന്നത്.