കേരളത്തിന് കിട്ടേണ്ട അടിയന്തര സഹായം കേന്ദ്ര സർക്കാർ നൽകാത്തത് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു
ഇടതുപക്ഷ വിരോധം മൂത്ത് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നുവെന്ന് ഡിവൈഎഫ്ഐ നേതാക്കളായ വി.കെ സനോജും വി. വസീഫും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉയർത്തി കൊണ്ടുവരേണ്ട വിഷയങ്ങൾ തമസ്ക്കരിച്ച് സംസ്ഥാന സർക്കാറിനെതിരെ ജനവികാരം സൃഷ്ടിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
കേരളത്തിന് കിട്ടേണ്ട അടിയന്തര സഹായം കേന്ദ്ര സർക്കാർ നൽകാത്തത് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല. ഹൈക്കോടതിയില്‍ സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ചെലവായ തുകയാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. മുന്‍പ് വിവിധ സർക്കാരുകളുടെ കാലത്ത് മെമോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. മെമോറാണ്ടം തയ്യാറാക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയല്ല. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിനെതിരെ എഴുതാൻ കൂലി എഴുത്തുക്കാരെ വെയ്ക്കാൻ ശ്രമിച്ചു. മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്.
ഡിവൈഎഫ്ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില യൂട്യൂബര്‍മാര്‍ പണം വാങ്ങി രംഗത്തെത്തിയിട്ടുണ്ട്. അവർക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ട് പോവും. മാധ്യമങ്ങളുടെ നുണ പ്രചാരണത്തിന് എതിരെ ജനകീയ പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെ തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിക്കുമെന്ന് വി.കെ സനോജ് പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ മാധ്യമങ്ങൾ വാർത്ത നൽകിയപ്പോൾ പിന്നീട് മാധ്യമ പ്രവർത്തകരെ എങ്ങനെയാണ് കരിപ്പൂർ എയർപോർട്ടിൽ നേരിട്ടതെന്ന് നമ്മൾ കണ്ടതാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പിൻവലിക്കാൻ മുഴുവൻ മാധ്യമങ്ങളും തയ്യാറാവണം. ഇപ്പോഴും പല മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ ഇത്തരം വാര്‍ത്തകളുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് പറഞ്ഞു.
സംസ്ഥാന പോലീസിനകത്ത് ചില പുഴുകുത്തുകൾ ഉണ്ട്. എഡിജിപിക്കെതിരെയുള്ള ആരോപണം ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുകയാണ്. ആർഎസ്എസ്, എസ്ഡിപിഐ പോലുള്ള വർഗീയ വിദ്വേഷം പരത്തുന്ന സംഘടനകളുമായി ആരും കൂട്ടുകൂടരുത് എന്നാണ് ഡിവൈഎഫ്ഐയുടെ അഭിപ്രായമെന്നും നേതാക്കള്‍ പറഞ്ഞു.