
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴ കേസിൽ ഐ. സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം. കേസിൻ്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്‌പിക്കും ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. വയനാട് മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെയും മകൻ്റെയും മരണത്തെ തുടർന്നാണ് സുൽത്താൻ ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട കോഴയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
അനധികൃതമായി വായ്പ പുതുക്കി നല്‍കിയതിന് ബത്തേരി അര്‍ബന്‍ ബാങ്കിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സഹകരണ കോ ഓപ്പറേറ്റീവ് ആക്ട് പ്രകാരം 65 എന്‍ക്വയറിക്കാണ് സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.വില്‍പ്പന നടത്തിയ ഭൂമിക്കുമേല്‍ വായ്പ അനുവദിച്ചു നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. ഒരു വര്‍ഷ കാലാവധിയുള്ള വായ്പ 2014 മുതല്‍ 2020 വരെ പുതുക്കി നല്‍കിയത് ഭരണസമിതി തീരുമാനം ഇല്ലാതെയെന്നും കണ്ടെത്തയിരുന്നു.
ബത്തേരി സർവീസ് സഹകരണ ബാങ്കിലെ കെട്ടിട നിർമാണത്തിൽ അഴിമതിയെന്ന അന്വേഷണ റിപ്പോർട്ട് മാസങ്ങൾക്ക് മുന്നേ പുറത്തുവന്നിരുന്നു.ബാങ്ക് 5 കോടി രൂപ നഷ്ടത്തിലാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. എൻ. എം വിജയൻ്റെ മരണത്തെ തുടർന്നുണ്ടായ നിയമന കോഴ വിവാദങ്ങളിൽ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അർബൻ ബാങ്കിൽ അനധികൃത നിയമനം നടന്നുവെന്ന് സമ്മതിച്ച് നിലവിലെ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരനും വെളിപ്പെടുത്തി. 2023ൽ താൻ ചെയർമാനായി വന്നപ്പോൾ സഹകരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ചട്ട പ്രകാരമല്ലാതെ നിയമനം നേടിയ ആഞ്ച് പേരെ പിരിച്ചു വിട്ടിരുന്നു എന്നും രാജശേഖരൻ പറഞ്ഞു.