
ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരൻ്റെ സംഗീത പരിപാടി പൊലീസ് തടഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ഗായകൻ. മുൻകൂർ അനുമതിയോടെ തന്നെയായിരുന്നു പരിപാടിയെന്നാണ് ഗായകൻ നൽകുന്ന വിശദീകരണം. ഞായറാഴ്ച ബെംഗളൂരു ചർച്ച സ്ട്രീറ്റിൽ എഡ് ഷീരൻ പാടാനെത്തിയപ്പോൾ പൊലീസെത്തി മൈക്ക് പ്ലഗൂരിയ വിഷയം വലിയ ചർച്ചയായിരുന്നു.
"ഞങ്ങൾക്ക് പരിപാടി അവതരിപ്പിക്കാൻ മുൻകൂർ അനുമതി ഉണ്ടായിരുന്നു. അതിനാലാണ് പരിപാടി അവതരിപ്പിക്കാനെത്തിയത്. ഞങ്ങളുടെ സംഗീതപ്രകടനം യാദൃശ്ചികമല്ലായിരുന്നു. എന്തായാലും കുഴപ്പമില്ല, ഇന്ന് രാത്രി ഷോയിൽ കാണാം," ഷീരൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു.
ഗ്രാമി ജേതാവായ കലാകാരൻ ആരാധകർക്ക് സർപ്രൈസ് നൽകാനായായിരുന്നു ബെംഗളൂരു ചർച്ച് സ്ട്രീറ്റിലെ തെരുവിൽ പാടാനെത്തിയത്. എന്നാൽ എഡ് ഷീരൻ പാട്ട് പാടാൻ ആരംഭിച്ചതോടെ പൊലീസെത്തി തടയുകയായിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായതിനാൽ, സംഗീതപരിപാടി അവതരിപ്പിക്കാനാവില്ലെന്നായിരുന്നു പൊലീസിൻ്റെ പക്ഷം. പക്ഷേ ആരാധകർക്ക് സമ്മാനം നൽകാനെത്തിയ എഡ് ഷീരൻ പിൻമാറിയില്ല. ഗായകൻ പരിപാടി അവതരിപ്പിക്കാൻ തുടങ്ങി, നിമിഷങ്ങൾക്കുള്ളിൽ ആളുകൾ സ്ഥലത്തെത്താനും തുടങ്ങി.
ഇതോടെയാണ് ചർച്ച് സ്ട്രീറ്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. ഷീരൻ തൻ്റെ ഹിറ്റ് ഗാനമായ 'ഷേപ്പ് ഓഫ് യു' പാടുന്നതിനിടെ ബെംഗളൂരു പൊലീസ് സ്ഥലത്തെത്തി പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എഡ് ഷീരൻ പാട്ട് തുടർന്നതോടെ, ഒരു ഉദ്യോഗസ്ഥൻ മൈക്കിന്റെ കേബിൾ വലിച്ചൂരി താരത്തോടും സംഘത്തോടും പരിപാടി അവസാനിപ്പിച്ച് തിരികെ പോകാൻ ആവശ്യപ്പെട്ടു.
സംഭവത്തിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ താരത്തെ തടഞ്ഞത്. ഷീരന്റെ കൂടെയുണ്ടായിരുന്നവർ പൊലീസുകാരനെ കാര്യങ്ങൾ പറഞ്ഞു മനസില്ലാക്കാൻ ശ്രമിക്കുന്നുതും വൈറലായ വീഡിയോയിൽ കാണാം.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ വൈറലായതോടെ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എഡ് ഷീരൻ കന്നഡയിൽ പാടത്തതാണ് ഇതിനൊക്കെ കാരണമെന്നാണ് ഒരു ഉപയോക്താവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചത്. സംഭവസ്ഥലത്ത് താനുമുണ്ടായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന് വിഷയം അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.
നിലവിൽ ഇന്ത്യയിൽ ഒരു സംഗീത പര്യടനത്തിലാണ് എഡ് ഷീരൻ. പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിൽ, ഗായകൻ അർമാൻ മാലിക് അദ്ദേഹത്തിനായി ഗാനം അവതരിപ്പിച്ചു. ചെന്നൈയിലെ അദ്ദേഹത്തിന്റെ സംഗീത പരിപാടിയിൽ ഇതിഹാസ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ച് ഉർവശി എന്ന പ്രശസ്ത ഗാനം ആലപിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.