കായികമേളയില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പിന്‍വലിക്കും, തീരുമാനം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ: വി. ശിവന്‍കുട്ടി

തിരുനാവായ നാവാമുകുന്ദ ,കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്കാണ് നീക്കുക
കായികമേളയില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പിന്‍വലിക്കും, തീരുമാനം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ: വി. ശിവന്‍കുട്ടി
Published on

സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്കാണ് നീക്കുക. സ്കൂളുകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ നടപടി പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.


കായിക മേളയുടെ അവസാന ദിവസം ഉണ്ടായത് അനിഷ്ട സംഭവങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  അതിന് ശേഷം സ്കൂളുകൾ ഖേദപ്രകടനം നടത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. സ്കൂളുകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ, നടപടി പരിശോധിക്കാൻ സമിതി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: കഠിനംകുളം കൊലപാതകം: കൃത്യത്തിന് പിന്നിൽ ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് ജോൺസൺ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി


വിലക്ക് പിൻവലിക്കുമെന്ന സൂചന വിദ്യാഭ്യാസ മന്ത്രി നേരത്തെ നൽകിയിരുന്നു. വിദ്യാർഥികളുടെയും സ്കൂളുകളുടെയും അപേക്ഷ കണക്കിലെടുത്തായിരുന്നു വിലക്ക് നീക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ കായികമേളയുടെ സമാപന സമ്മേളനത്തിനിടെ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടി. വിലക്ക് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.


എറണാകുളത്ത് നടന്ന കായികമേളയുടെ സമാപനത്തിലാണ് പോയിന്റ് പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇരു സ്‌കൂളുകളും പ്രതിഷേധം നടത്തിയത്. പ്രശ്‌നങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കായികമേള അലങ്കോലപ്പെടുത്തുന്ന രീതിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരവായത്.

ഒളിംപിക്സ് മാതൃകയിൽ, പിഴവുകൾ ഇല്ലാതെ മേള സംഘടിപ്പിച്ചുവെന്ന സർക്കാരിന്‍റെയും കായിക വകുപ്പിന്‍റെയും അവകാശവാദങ്ങള്‍ക്ക് സമാപന ചടങ്ങിലെ സംഘർഷം കനത്ത തിരിച്ചടിയായിരുന്നു. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കായിക മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ജനറൽ സ്കൂളുകൾക്കും സ്പോർട്സ് സ്കൂളുകൾക്കും പ്രത്യേക പട്ടികയാണ്.


ഈ പട്ടിക അനുസരിച്ച് 80 പോയിന്‍റുമായി ജനറൽ സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ് ഒന്നാമതും 44 പോയിന്‍റുമായി നവാമുകുന്ദ സ്കൂൾ രണ്ടാമതും 43 പോയിന്റുമായി മാർ ബേസിൽ സ്കൂൾ മൂന്നാമതുമാണ്. സ്പോർട്സ് സ്കൂളുകളുടെ പട്ടികയിൽ 55 പോയിന്‍റോടെ ജി.വി.രാജയായിരുന്നു മുന്നിൽ. പതിവ് രീതി അനുസരിച്ച് രണ്ടാം സ്ഥാനം നവാമുകുന്ദ സ്കൂളിനും മൂന്നാം സ്ഥാനം കോതമംഗലം മാർ ബേസിലിനുമാണ്. എന്നാല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം സ്ഥാനം ജി.വി. രാജയ്ക്കായിരുന്നു. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലേക്ക് നവാമുകുന്ദയും മാർ ബേസിലും പിന്തള്ളപ്പെട്ടു.

ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ഉപദ്രവിച്ചതായും ആരോപണം ഉയർന്നിരുന്നു. പൊലീസുകാർ തള്ളി മാറ്റിയെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. കോളർ പിടിച്ച് കറക്കിയെറിഞ്ഞെന്നും, പെൺകുട്ടികളെ മർദിച്ചത് വനിതാ പൊലീസ് അല്ലെന്നും കുട്ടികൾ പറയുന്നു. എന്നാല്‍, പൊലീസ് കമ്മീഷണർ വിദ്യാർഥികളുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com