വെള്ളം മഴവെള്ള സംഭരണിയില്‍ നിന്ന്; 1200 പ്രദേശവാസികള്‍ക്ക് ജോലി; വിവാദങ്ങളില്‍ വിശദീകരണവുമായി ഒയാസിസ്

ജലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്ലാന്റ് പ്രവർത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയിൽ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്.
വെള്ളം മഴവെള്ള സംഭരണിയില്‍ നിന്ന്; 1200 പ്രദേശവാസികള്‍ക്ക് ജോലി; വിവാദങ്ങളില്‍ വിശദീകരണവുമായി ഒയാസിസ്
Published on

എലപ്പുള്ളിയിൽ മദ്യ പ്ലാന്റ് നിർമിക്കാൻ അനുമതി നൽകിയതിൽ വിശദീകരണവുമായി മദ്യനിർമാണ കമ്പനി ഒയാസിസ്. വെള്ളത്തിനായി ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി. ജലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്ലാന്റ് പ്രവർത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയിൽ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്.

ഇതിനായി 5 ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ 1200 പ്രദേശവാസികൾക്ക് കമ്പനിയിൽ ജോലി നൽകുമെന്ന വാഗ്ദാനവും ഒയാസിസ് നൽകി.

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ  നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണുയർത്തുന്നത്.

പദ്ധതി നടപ്പിലാക്കുന്ന ഒയാസിസ് കമ്പനിയുടെ സ്ഥലത്ത് ബിജെപിയും, കോൺഗ്രസും കൊടികുത്തി സമര പ്രഖ്യാപനം നടത്തി. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്പനിയെ കാല് കുത്താൻ അനുവദിക്കില്ലെന്ന് വി. കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. പദ്ധതി അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com