ചവിട്ടുപടിയായി ഉപയോഗിച്ചത് ഒമ്പത് കോടി വിലമതിക്കുന്ന നിധി; ലോകത്തെ ഞെട്ടിച്ച മുത്തശ്ശി

വീടിനുള്ളിലേക്ക് ചവിട്ടിക്കയറുന്നതിനായി മുത്തശ്ശി വീടിന്‍റെ വാതിൽ പടിയിൽ ഇട്ടിരുന്ന കല്ലാണ് അപൂർവ നിധിയാണെന്ന് തിരിച്ചറിഞ്ഞത്.
ചവിട്ടുപടിയായി ഉപയോഗിച്ചത് ഒമ്പത് കോടി വിലമതിക്കുന്ന നിധി; ലോകത്തെ ഞെട്ടിച്ച മുത്തശ്ശി
Published on




വീടുകളിൽ കയറാൻ ചവിട്ടുപടികൾ വയ്ക്കുന്നത് സാധാരണമാണ്. എന്നാൽ അതിനെന്തു വിലവരും എന്നു ചോദിച്ചാൽ എന്തു പറയും. കല്ലോ, കട്ടയോ, മരമോ എന്നൊക്കെയാകും ഉത്തരം. ഇനി അൽപം കാശുമുടക്കിയാൽ രണ്ട് പടവുകൾ വരെ കെട്ടാം. കൂടുതൽ കാശു മുടക്കിയാൽ അതിനെ മിനുക്കിയെടുക്കാം. എന്നാൽ ഒമ്പതു കോടി വിലമതിക്കുന്ന നിധിയൊക്കെ ചവിട്ടുപടിയാക്കുമോ?

ഈ ചോദ്യത്തിനുള്ള ഉത്തരം ഞെട്ടിക്കുന്നതാണ്. റൊമാനിയയിലെ ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി തന്‍റെ വീടിന് മുന്നിലെ ചവിട്ടുപടിയായി ഉപയോഗിച്ചിരുന്നത് കോടികൾ വിലമതിക്കുന്ന അപൂർവ്വ നിധിയായിരുന്നു എന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. പാവം മുത്തശ്ശി ഈ നിധിയെപ്പറ്റിയൊന്നും അറിയാതെ മരിച്ചു പോയി. പിന്നീട് ബന്ധുക്കൾക്കാണ് ഭാഗ്യം ചവിട്ടുപടിയിലൂടെ കയറിവന്നത്.

വീടിനുള്ളിലേക്ക് ചവിട്ടിക്കയറുന്നതിനായി മുത്തശ്ശി വീടിന്‍റെ വാതിൽ പടിയിൽ ഇട്ടിരുന്ന കല്ലാണ് അപൂർവ നിധിയാണെന്ന് തിരിച്ചറിഞ്ഞത്. 3.5 കിലോഗ്രാം ഭാരമുള്ള ആമ്പർ നഗറ്റായിരുന്നു (amber nugget) വെറും കല്ലാണെന്ന് കരുതി മുത്തശ്ശി വീട്ടുപടിക്കൽ ചവിട്ടിക്കയറാനിട്ടത്. ഇന്ന് ഇതിന് ഏകദേശം ഒമ്പത് കോടിയോളം രൂപ വിലവരും.

വർഷങ്ങൾക്ക് മുൻപ് ഒരു അരുവിയിൽ നിന്നാണ് മുത്തശ്ശി ഈ കല്ല് കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് ആമ്പർ പരിശോധിച്ച പോളണ്ടിലെ ക്രാക്കോവിലെ ചരിത്ര മ്യൂസിയം വക്താക്കൾ പറയുന്നത് അനുസരിച്ച് ഇത് 38.5 മുതൽ 70 ദശലക്ഷം വർഷം വരെ പഴക്കമുള്ളതാണ്.ലോകത്ത് ഇക്കാലത്തിനിടെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആമ്പർ ആണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1991 -ലാണ് മുത്തശ്ശി മരിച്ചത്. പിന്നീട് വീട് നോക്കിയിരുന്ന ഒരു ബന്ധു വീട്ടുപടിക്കൽ ഉണ്ടായിരുന്ന കല്ലിന് എന്തോ ഒരു പ്രത്യേകത തോന്നിയതോടെയാണ് പരിശോധിക്കാൻ തീരുമാനിച്ചത്. അദ്ദേഹം അത് റൊമാനിയൻ സർക്കാരിന് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് വിദഗ്ധർ ഇതിന്‍റെ മൂല്യം സ്ഥിരീകരിച്ചത്.


ലോകത്തിലെ ഏറ്റവും സമ്പന്നമായ ആമ്പർ നിക്ഷേപങ്ങളിൽ ചിലത് റൊമാനിയയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേകിച്ച് ബുസാവു കൗണ്ടിയിൽ. ഭൗമശാസ്ത്രജ്ഞനായ ഓസ്കാർ ഹെൽ ഈ നിക്ഷേപങ്ങൾക്ക് "റുമാനിറ്റ്" (Rumanit) അഥവാ "ബുസാവു ആംബർ" (Buzau amber) എന്നാണ് പേര് നൽകിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com