വാഗ്ദാനപ്പെരുമഴയുമായി മത്സരിച്ച് മുന്നണികൾ; നക്ഷത്രമെണ്ണി ഡൽഹിയിലെ വോട്ടർമാർ

ആംആദ്മി പാർട്ടി 11 വർഷം ഭരിച്ചതാണെങ്കിലും പുതിയ വാഗ്ദാനങ്ങൾക്കു കുറവില്ല. തലസ്ഥാനത്തെ മുഴുവൻ ചെറുപ്പക്കാർക്കും ജോലിയാണ് ആംആദ്മി പാർട്ടിയുടെ മുഖ്യവാഗ്ദാനം. തൊഴിലില്ലായ്മ എന്ന സ്ഥിതി പരിഹരിക്കുന്നതോടെ പിന്നെ വേതനം എന്തിന് എന്നാണ് ബിജെപിയോടുള്ള ചോദ്യം.
വാഗ്ദാനപ്പെരുമഴയുമായി മത്സരിച്ച് മുന്നണികൾ; നക്ഷത്രമെണ്ണി ഡൽഹിയിലെ വോട്ടർമാർ
Published on

റേഷൻ കടയിൽ വിമാനമിറങ്ങാൻ താവളം ഉണ്ടാക്കും എന്നത് പണ്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പാരഡിയാണ്. ഇപ്പോൾ ഡൽഹിയിൽ ആംആദ്മി പാർട്ടിയും ബിജെപിയും കോൺഗ്രസും നടത്തുന്ന വാഗ്ദാനങ്ങൾ കേട്ട് ഇതുപോലെ നക്ഷത്രമെണ്ണുകയാണ് വോട്ടർമാർ.

ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയിൽ ഓരോ പാചകവാതക സിലിണ്ടറിനും 500 രൂപ സബ്സിഡി. ഹോളിക്കും ദീപാവലിക്കും സൌജന്യമായി ഓരോ സിലിണ്ടർ. സ്ത്രീകൾക്ക് മാസം 2500, അറുപതുമുതൽ 70 വയസ്സുവരെ എല്ലാവർക്കും 2500 രൂപ പെൻഷൻ, 70 വയസ്സു കഴിഞ്ഞാൽ 3000 രൂപ. ഇങ്ങനെയാണ് ഡൽഹിക്കായി ബിജെപി ഒഴുക്കുന്ന വാഗ്ദാനപ്പെരുമഴ.

ഇതൊക്കെ എവിടെ എങ്കിലും നടത്തിക്കാണിക്ക് എന്ന് ചോദിക്കുന്നതിലൊന്നും കാര്യമില്ല. ബിജെപി ഇതുമാത്രമല്ല പറയുന്നത്. മുഴുവൻ വയോജനങ്ങൾക്കും 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ്, കെജി മുതൽ പിജി വരെ സമ്പൂർണ സൌജന്യ വിദ്യാഭ്യാസം, മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ധനസഹായം എന്നിങ്ങനെ വേറെയുമുണ്ട് വാഗ്ദാനങ്ങൾ.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും നാമാവശേഷമായെങ്കിലും വാഗ്ദാനത്തിൽ മുന്നിൽ തന്നെയാണ് കോൺഗ്രസ്. മാസം 8500 രൂപയുടെ തൊഴിലില്ലായ്മാ വേതനമാണ് കോൺഗ്രസിന്‍റെ മുഖ്യ വാഗ്ദാനം. സ്ത്രീകൾക്ക് മാസം 2500 രൂപ കോൺഗ്രസും വാഗ്ദാനം ചെയ്യുന്നു.

ആംആദ്മി പാർട്ടിയും ബിജെപിയും മാസം 200 യൂണിറ്റ് വരെ വൈദ്യുതിയാണ് സൌജന്യമായി വാഗ്ദാനം ചെയ്യുന്നതെങ്കിൽ കോൺഗ്രസ് അത് 300 യൂണിറ്റാക്കുന്നു. കോൺഗ്രസ് പറയുന്ന ആരോഗ്യ ഇൻഷൂറൻ 25 ലക്ഷം രൂപയുടേതാണ്. ഒപ്പം ഓരോ പാചകവാതക സിലിണ്ടറിനും 500 രൂപയുടെ സബ്ദസിഡി വാഗ്ദാനവുമുണ്ട്.

സ്ത്രീകൾക്ക് 2,100 രൂപയാണ് ആംആദ്മി പാർട്ടിയുടെ വാഗ്ദാനം. ടിവിയും ഫ്രിഡ്ജും കംപ്യൂട്ടറുമൊക്കെ പഴയ കാലത്തെ വാഗ്ദാനങ്ങളായിരുന്നു. ഇപ്പോൾ മാസാമാസം പണമായി കയ്യിൽകൊടുക്കുന്ന പ്രഖ്യാപനങ്ങളാണ്. ഇതു വല്ലതും നടക്കുമോ എന്നാണ് വോട്ടർമാർ ചോദിക്കുന്ന ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com