ഹരിയാനയിൽ ഹാട്രിക് 'അടിച്ചുകേറി വന്ന്' ബിജെപി; നിർണായകമായത് 'സൈനി ഫാക്ടർ'

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിന് ഇതെല്ലാം വലിയ തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷ പാർട്ടികൾ
ഹരിയാനയിൽ ഹാട്രിക് 'അടിച്ചുകേറി വന്ന്' ബിജെപി; നിർണായകമായത് 'സൈനി ഫാക്ടർ'
Published on


ഹരിയാനയിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എൻഡിഎയുടെ ഭാഗമായിരുന്ന ജനനായക് ജനതാ പാർട്ടി (ജെജെപി) ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞത് വലിയ വാർത്തയായിരുന്നു. ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിൽ നിന്ന് പിന്മാറാൻ അവരെ പ്രേരിപ്പിച്ചത് പല കാരണങ്ങളായിരുന്നു. അവയിൽ ചിലത് ശക്തമായ ഭരണവിരുദ്ധ വികാരം, യുവാക്കളുടെ തൊഴിലില്ലായ്മ, കർഷക പ്രതിഷേധം എന്നിവയെല്ലാമായിരുന്നു.

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിന് ഇതെല്ലാം വലിയ തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷ പാർട്ടികൾ. എന്നാൽ എഴോളം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് തെളിയിച്ചാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപി വോട്ടെണ്ണൽ ദിവസം ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ബിജെപിയുടെ ഈ സർപ്രൈസ് തിരിച്ചുവരവിന് പിന്നിലുള്ളത് മുഖ്യമന്ത്രി സൈനിയെ മുൻനിർത്തി ബിജെപി നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങളായിരുന്നു.

'സൈനി ഫാക്ടർ' നിർണായകമായതെങ്ങനെ?

വെറും 70 ദിവസം മാത്ര അധികാരത്തിൽ തുടർന്ന സെയ്‌നി സർക്കാർ എടുത്ത നിർണായകമായ 126 പ്രഖ്യാപനങ്ങളുടെ പരമ്പരയാണ് ഹാട്രിക് നേട്ടത്തിലെത്താൻ ബിജെപിയെ കൂടുതൽ സഹായിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. 2019 മുതൽ ജെജെപിയുമായുള്ള സഖ്യം തകർന്നതോടെ മനോഹർ ലാൽ ഖട്ടറിന് പകരം ഒബിസി നേതാവായ നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കി സർക്കാരിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്. ഈ നീക്കം ഫലം ചെയ്തുവെന്നാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ഹരിയാനയിൽ പിന്നാക്ക വിഭാഗത്തിൽ നിന്നും മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയായിരുന്നു നയാബ് സിംഗ് സൈനി. ഹരിയാനയിലെ ഗെയിം ചേഞ്ചർ സൈനിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരിയാനയിലെ ജനസംഖ്യയിലെ ജാതി സമവാക്യങ്ങൾ പരിശോധിക്കുമ്പോൾ, 30 ശതമാനം ജാട്ടുകളും, 34 ശതമാനം പിന്നാക്ക വിഭാഗങ്ങളും, 16 ശതമാനം ദളിതരുമാണ്. പഞ്ചാബികൾ, ബ്രാഹ്മണർ, രജപുത്രർ, അഗർവാളുകൾ എന്നിവർ ചേർ 23 ശതമാനമാണ്. അഹിർ, ഗുജ്ജർ, സൈനികൾ 11 ശതമാനത്തോളം വരും.

ജാട്ട്, ദളിത് വോട്ടുകൾ കോൺഗ്രസിനെ പിന്തുണക്കുമോയെന്ന ആശങ്കയിലായിരുന്നു ബിജെപി. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജാട്ട് വിഭാഗം പിന്തുണച്ചതോടെ, എതിർ ചേരിയിലുള്ള ജാട്ട് ഇതര ജാതിക്കാരുടെ വോട്ടുകളിൽ ശ്രദ്ധയൂന്നുകയാണ് ബിജെപി ചെയ്തത്. പോരാളികളായ ജാട്ടുകൾ വോട്ട് രേഖപ്പെടുത്തുന്നതിന് വളരെ മുമ്പ് തന്നെ കോൺഗ്രസിൻ്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാൻ തുടങ്ങിയിരുന്നു. അതേസമയം, തങ്ങളുടെ അടുത്ത രാഷ്ട്രീയ നീക്കത്തെ കുറിച്ച് ജാട്ട് ഇതര വോട്ടർമാർ മൗനം പാലിക്കുകയായിരുന്നു.

ജൂലൈ 16ന് മഹേന്ദ്രഗഡിൽ നടന്ന പിന്നാക്ക വിഭാഗ സമ്മാൻ സമ്മേളനത്തിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. ഹരിയാനയിൽ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ (ഒബിസി) ക്രീമി ലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി ഉയർത്താനുള്ള നീക്കം, സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിൽ താഴെ മാത്രം വരുന്ന പിന്നാക്ക വിഭാഗത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയെന്ന് തെളിയിച്ചിരുന്നു. ഹരിയാന സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗത്തിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിവയ്ക്കുള്ള സംവരണം നിലവിലുള്ള 15 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർത്തുമെന്ന് സൈനി പ്രഖ്യാപിച്ചിരുന്നു.

മോദി ബ്രാൻഡിനും ഇടിവ് വരുത്താതെ ഹരിയാന

ഒക്‌ടോബർ അഞ്ചിന് മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു ആകർഷണമായിരുന്നു. അമിത് ഷായ്‌ക്കൊപ്പം മോദി സംസ്ഥാനത്ത് 14 റാലികൾ നടത്തി. മോദി വോട്ടർമാർക്ക് ഉറപ്പുനൽകുന്ന കാര്യങ്ങൾ ജനങ്ങൾ വിശ്വസിച്ചു. കേന്ദ്ര സർക്കാരിൻ്റെ വിശ്വാസ്യതയും അഴിമതിരഹിത ഭരണം ഉറപ്പാക്കാൻ ഹരിയാനയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും ജനശ്രദ്ധയിലെത്തിച്ചു.

കേന്ദ്ര സർക്കാർ സ്വീകരിച്ച കർഷക അനുകൂല നടപടികൾ, കോൺഗ്രസും ബിജെപിയുമായി ഇതിനോടകം തന്നെ ഭിന്നിച്ചു നിന്ന കർഷകരുടെ ഹൃദയം കീഴടക്കി. അഗ്നിവീർ പദ്ധതിയുടെ ആശങ്കകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ ബിജെപിക്ക് അനുകൂലമായി മാറി. ഹരിയാനയിലെ വോട്ടർമാരെ സംബന്ധിച്ചിടത്തോളം മോദി എന്ന ബ്രാൻഡിന് വലിയ കേടുകൂടാതെ രക്ഷിച്ചെടുക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഹരിയാനയിൽ നിന്നും പുറത്തുവരുന്നത്.

സംപൂജ്യരായി ജെജെപി

കഴിഞ്ഞ തവണ ജെജെപിയ്ക്കൊപ്പമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാൽ ഇക്കുറി സഖ്യമില്ലാതെയാണ് ബിജെപി മത്സരിച്ച് ജയിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച ജെജെപിക്ക് ഒരൊറ്റ സീറ്റിൽ പോലും ജയിക്കാനുമായില്ലെന്നത് ശ്രദ്ധേയമാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ നേടിയ ബിജെപിക്ക്, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് അഞ്ച് സീറ്റുകൾ മാത്രമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യമാണ് ശേഷിക്കുന്ന അഞ്ച് സീറ്റുകള്‍ നേടിയത്. പോളിങ്ങിന് പിന്നാലെ ഏഴ് എക്സിറ്റ് പോളുകളെങ്കിലും ഹരിയാനയിൽ കോണ്‍ഗ്രസിന് 50-55 സീറ്റുകള്‍ പ്രവചിച്ചിരുന്നു. ബിജെപി 26 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നുമായിരുന്നു പ്രവചനം. എന്നാൽ വന്നത് മറ്റൊരു ഫലമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com