
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. പുതിയ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ബിപിഎൽ വിഭാഗത്തിനും നിരക്ക് വർധന ബാധകമായിരിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടിയിട്ടുണ്ട്. 40 യൂണിറ്റ് വരെ ഉപയോഗത്തിന് അധിക ചാർജ് ഇല്ല.
അതേസമയം, നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. ചെറിയ വർധന മാത്രമേയുള്ളൂവെന്നും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. നിവൃത്തിയില്ലാത്തത് കൊണ്ടാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വന്നത്. നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും അടുത്ത വർഷം യൂണിറ്റിന് 12 പൈസ വർധിപ്പിക്കുമെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
"അനിവാര്യമായ ഘട്ടത്തിലാണ് വൈദ്യുതി നിരക്ക് വർധന വേണ്ടി വന്നത്. നിവൃത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തുനിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണ്," മന്ത്രി കൂട്ടിച്ചേർത്തു.
300 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 40 രൂപ കൂടും. അടുത്ത വർഷം 300 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 70 രൂപ കൂടാനിടയാകും. അതേസമയം, വൈദ്യുതി നിരക്ക് വർധനയിലൂടെ സാധാരണക്കാർക്ക് മേൽ വലിയ ഭാരമാണ് സർക്കാർ വരുത്തിയിരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിമർശിച്ചു.