'അവർ നേരത്തെ എത്തുമായിരുന്നു, പക്ഷേ...'; സുനിതാ വില്യംസിനെ തിരിച്ചെത്തിക്കാനുള്ള ഓഫർ ബൈഡന്‍ നിരസിച്ചതായി മസ്ക്

സുരക്ഷിതരായി തിരിച്ചെത്തിയ ബഹിരാകാശ യാത്രികരെ മസ്ക് അഭിനന്ദിച്ചു
ഇലോൺ മസ്ക്, സുനിതാ വില്യംസ്
ഇലോൺ മസ്ക്, സുനിതാ വില്യംസ്
Published on

ഒൻപത് മാസം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിച്ചതിനു ശേഷം സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല. ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കിന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. സുരക്ഷിതരായി തിരിച്ചെത്തിയ ബഹിരാകാശ യാത്രികരെ മസ്ക് അഭിനന്ദിച്ചു. ഒപ്പം സുനിതയെയും സംഘത്തെയും തിരികെയെത്തിക്കുന്ന മിഷന് പ്രഥമ പരി​ഗണന നൽകിയ തന്റെ സുഹൃത്തും യുഎസ് പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിനും മസ്ക് നന്ദി അറിയിച്ചു. എന്നാൽ അവിടെ നിർത്തിയില്ല സ്പേസ് എക്സ് സിഇഒ.

രണ്ട് ബഹിരാകാശ യാത്രികരെയും തിരികെയെത്തിക്കാൻ എല്ലാവിധ സഹായങ്ങളും സ്പേസ് എക്സ് നൽകാമെന്ന് ജോ ബൈഡൻ ഭരണകൂടത്തെ അറിയിച്ചിരുന്നതായി മസ്ക് പറഞ്ഞു. എന്നാൽ രാഷ്ട്രീയ കാരണങ്ങൾ കാരണം ഈ സഹായ വാ​ഗ്ദാനം ബൈഡൻ ഭരണകൂടം നിരസിച്ചതായാണ് മസ്കിന്‍റെ ആരോപണം. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മസ്കിന്റെ പ്രസ്താവന. എട്ടു മാസം മാത്രമേ അവർക്ക് ബഹിരാകാശത്ത് ചെലവഴിക്കേണ്ടി വരിയുള്ളായിരുന്നുവെന്നും എന്നാൽ അവർ 10 മാസം കുടുങ്ങിക്കിടക്കേണ്ടി വന്നുവെന്നും മസ്ക് ആരോപിച്ചു. സ്പേസ് എക്സിന് മാസങ്ങൾക്ക് മുൻപത് തന്നെ അവരെ തിരിച്ചെത്തിക്കാൻ സാധിക്കുമായിരുന്നുവെന്നും സിഇഒ അവകാശപ്പെട്ടു. ജനുവരി രണ്ടിന് ബോയിങ് സ്റ്റാർലൈൻ ബഹിരാകാശ യാത്രികരെ തിരികെയെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് ട്രംപ് മസ്കിനോട് ആവശ്യപ്പെട്ടിരുന്നു.

നാസയുടെ വാണിജ്യ ബഹിരാകാശ ദൗത്യത്തിന്റെ ഒൻപതാമത് ക്രൂ റൊട്ടേഷന്റെ ഭാഗമായാണ് നാസയുടെ ബഹിരാകാശ ​ഗവേഷകരായ സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ ആറിന് ബോയിങിന്റെ സ്റ്റാർലൈനറിൽ ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. പേടകത്തിന്റെ സാങ്കേതിക തകരാ‍ർ മൂലം ബഹിരാകാശ കേന്ദ്രത്തിൽ കുടുങ്ങിപ്പോയെങ്കിലും അവർ പഠന​ഗവേഷണങ്ങളിൽ തുടർന്നു. 150 ലധികം പരീക്ഷണങ്ങളാണ് ക്രൂ 9 ബഹിരാകാശകേന്ദ്രത്തിൽ നടത്തിയത്. ഏറ്റവുമധികം ബഹിരാകാശ നടത്തം നി‍ർവഹിച്ച വനിത എന്ന റെക്കോഡും തന്റെ പേരിലാക്കിയാണ് ഇന്ത്യൻ വേരുകളുള്ള സുനിതാ ലിൻ വില്യംസ് ഭൂമിയിൽ തിരികെ എത്തിയത്. 2024 ജൂൺ അഞ്ചിനാണ് സുനിതാ വില്യംസും, ബാരി ബുച്ച് വിൽമോറും ബോയിങിന്റെ സ്റ്റാർലൈന‍ർ സ്പെയ്സ് ക്രാഫ്റ്റിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് അവർ യാത്ര തിരിച്ചത്. നിക് ഹേ​ഗും റഷ്യയുടെ അലക്സാണ്ടർ ​ഗൊ‍ർബുനോവും 2024 സെപ്റ്റംബർ 29 മുതൽ ഐഎസ്എസിലുണ്ട്. 171 ദിവസങ്ങളാണ് ഇരുവരും ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിച്ചത്. സ്പേസ്എക്സ് ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റിലാണ് ഇവരെ തിരികെയെത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com