എമ്പുരാൻ വിവാദം: ഫാസിസത്തേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള മുരളി ഗോപിയുടെ പോസ്റ്റ് വൈറൽ

നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമൻ്റുകളുമായെത്തുന്നത്. എമ്പുരാൻ റീ സെൻസർ വിവാദങ്ങളെയും, ഈ പോസ്റ്റിനേയും കൂട്ടിവായിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ.
എമ്പുരാൻ വിവാദം: ഫാസിസത്തേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള മുരളി ഗോപിയുടെ പോസ്റ്റ് വൈറൽ
Published on


മുരളി ഗോപിയും പൃഥ്വിരാജും ഉണ്ടാക്കിയ പ്രൊപ്പഗാണ്ട സിനിമയാണ് എമ്പുരാനെന്നും സിനിമ ബഹിഷ്കരിക്കണമെന്നും ആർഎസ്‌എസ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, ഫാസിസത്തേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പോസ്റ്റ് വൈറലാകുന്നു. 2017ൽ മെർസൽ എന്ന വിജയ് ചിത്രത്തിനെതിരായ സൈബർ ആക്രമണങ്ങളുടെ കാലത്ത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ പലരും കുത്തിപ്പൊക്കിയിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമൻ്റുകളുമായെത്തുന്നത്. എമ്പുരാൻ റീ സെൻസർ വിവാദങ്ങളെയും, ഈ പോസ്റ്റിനേയും കൂട്ടിവായിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ.



"ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല," മുരളി ഗോപി കുറിച്ചു.

അതേസമയം, 'എമ്പുരാൻ' ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച് സംഘപരിവാർ വാരികയായ ഓർഗനൈസറിൽ വീണ്ടും ലേഖനം പ്രത്യക്ഷപ്പെട്ടു. "ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ മറ്റാരെ ആശ്രയിക്കാൻ" എന്ന ഡയലോഗ് ചൂണ്ടിക്കാട്ടിയാണ് വിമർശനം.



മുരളി ഗോപിയും പൃഥ്വിരാജും ഉണ്ടാക്കിയ പ്രൊപ്പഗാണ്ട സിനിമയാണ് എമ്പുരാനെന്നും സിനിമയ്ക്കെതിരെ ക്രിസ്ത്യാനികൾ രംഗത്ത് വരണമെന്നും ലേഖനത്തിൽ ആഹ്വാനമുണ്ട്. ഈ മലയാള സിനിമ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് പ്രധാന ആരോപണം.



ഖുർ ആനിനെക്കുറിച്ചോ അല്ലാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ഇങ്ങനെ പറയാൻ ഒരു സിനിമ ധൈര്യപ്പെടുമോ? ഇത് ആവിഷ്കാര സ്വാതന്ത്ര്യമാണെങ്കിൽ മറ്റു മതങ്ങളോടും ഇങ്ങനെ കാണിക്കുമോയെന്നും RSS ലേഖനത്തിൽ ചോദ്യമുയർത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com