ഇന്ത്യയുടെ ഭാവി വാഗ്ദാനമായ യുവതാരത്തിൽ ബിസിസിഐക്ക് വലിയ പ്രതീക്ഷകളാണുള്ളത്.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ നയിക്കുക ശുഭ്മാൻ ഗില്ലെന്ന് സൂചന. 25 വയസ് മാത്രം പ്രായമുള്ള ഗില്ലിന് ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ രണ്ട് സീസണുകളിൽ നയിച്ച് പരിചയമുണ്ട്. ഇന്ത്യയുടെ ഭാവി വാഗ്ദാനമായ യുവതാരത്തിൽ ബിസിസിഐക്ക് വലിയ പ്രതീക്ഷകളാണുള്ളത്.
ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും രോഹിത്തിന് പകരക്കാരനായി ഗില്ലിന് നറുക്ക് വീഴുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായി പരിക്കിൻ്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയെ നായകനായി പരിഗണിക്കേണ്ടതില്ലെന്നാണ് സെലക്ടർമാരിൽ ഒരു വിഭാഗം കരുതുന്നത്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന് വൈസ് ക്യാപ്ടൻ്റെ പദവി നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഫോമില്ലാത്തത് തിരിച്ചടിയാണെങ്കിലും, ടെസ്റ്റിൽ 42ന് മുകളിൽ ബാറ്റിങ് ആവേറജും സ്വന്തമായുള്ളതും വിദേശ പര്യടനത്തിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ മുൻകാല ചരിത്രവും റിഷഭ് പന്തിന് അനുകൂലമാണ്. ബുംറയ്ക്ക് ക്യാപ്ടൻസി നൽകുന്നില്ലെങ്കിൽ പിന്നെ വൈസ് ക്യാപ്ടൻസി കൂടി നൽകേണ്ടതില്ലെന്നാണ് ഒരു ബിസിസിഐ വൃത്തം അറിയിച്ചതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ടെസ്റ്റിൽ നിന്ന് രോഹിത് ശർമ വിരമിച്ചതിന് പിന്നാലെ കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ വിരാടിനെ പോലൊരു അനുഭവസമ്പത്തുള്ള താരം വിട്ടുനിൽക്കുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സെലക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. കോഹ്‌ലിയെ അനുനയിപ്പിച്ച് നിർത്താനുള്ള തീവ്രശ്രമങ്ങളിലാണ് ബിസിസിഐ.
ALSO READ: 'ഐപിഎൽ 2025' എന്ന് പുനരാരംഭിക്കും? ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന നിർണായക അപ്ഡേറ്റ്!