ഇപിയുടെ ആത്മകഥാ വിവാദം: എ.വി. ശ്രീകുമാര്‍ മാത്രം പ്രതി; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

കേസിൽ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
ഇപിയുടെ ആത്മകഥാ വിവാദം: എ.വി. ശ്രീകുമാര്‍ മാത്രം പ്രതി; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
Published on


സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ പുസ്തക വിവാദത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. സംഭവത്തില്‍ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി. ശ്രീകുമാര്‍ മാത്രമാണ് പ്രതി. കൂടുതല്‍ പേരെ പ്രതിചേര്‍ക്കണ്ടതില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.

ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി. എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്.

കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥില്‍ നിന്നാണ് ആത്മകഥ ഭാഗങ്ങള്‍ ഡിസി വാങ്ങിയത്. രഘുനാഥ് ഉള്‍പ്പെടുത്താത്ത ഭാഗങ്ങള്‍ ഡിസി ബുക്‌സ് എഴുതി ചേര്‍ത്തെന്നും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2024 ഉപതെരഞ്ഞെടുപ്പ് സമയത്ത് വലിയ ചര്‍ച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന 'കട്ടന്‍ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥ. പിഡിഎഫ് ഫോര്‍മാറ്റില്‍ പുറത്തുവന്ന ആത്മകഥയിലെ പല പരാമര്‍ശങ്ങളും സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസിലാക്കിയില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നുമായിരുന്നു ആത്മകഥയിലെ വിമര്‍ശനം.

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി. സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു. പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ഡിസി പരസ്യം ഇറക്കിയിരുന്നു. എന്നാല്‍, ഇത് താന്‍ എഴുതിയതല്ലെന്നാണ് ഇ.പി. ജയരാജന്‍ ആദ്യം മുതല്‍ സ്വീകരിക്കുന്ന നിലപാട്. പിഡിഎഫ് ചോര്‍ന്നതിനു പിന്നാലെ നിര്‍മിതിയിലെ തടസങ്ങള്‍ കാരണം പ്രസിദ്ധീകരണം വൈകുമെന്ന് ഡിസി അറിയിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com