'ചര്‍ച്ചയ്ക്കുള്ള അവസരം ഞങ്ങളും നല്‍കാം'; യുഎസിനെതിരെ ചുമത്തിയ തിരിച്ചടി തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

ചൈനയൊഴിയെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവ യുഎസ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു.
'ചര്‍ച്ചയ്ക്കുള്ള അവസരം ഞങ്ങളും നല്‍കാം'; യുഎസിനെതിരെ ചുമത്തിയ തിരിച്ചടി തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
Published on


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തെ നികുതി തീരുവ മരവിപ്പിച്ച നടപടിയ്ക്ക് പിന്നാലെ യുറോപ്യന്‍ യൂണിയന്‍ ചുമത്തിയ തിരിച്ചടി തീരുവ താല്‍ക്കാലികമായി മരവിപ്പിച്ചു. ചൈനയൊഴിയെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവ യുഎസ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും നടപടി താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞത്.

'പ്രസിഡന്റിന്റെ പ്രഖ്യാപനം കണ്ടു. ചര്‍ച്ച ചെയ്യാന്‍ ഒരു അവസരം കൂടി നല്‍കുകയാണ്. ഞങ്ങളും 90 ദിവസത്തേക്ക് തിരിച്ചടി തീരുവ മരവിപ്പിക്കുകയാണ്,' ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.

125 ശതമാനം അധിക തീരുവയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ ചുമത്തിയത്. ഏപ്രില്‍ 2 ന് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കു മേല്‍ 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ ചൈന തിരിച്ച് അമേരിക്കയ്‌ക്കെതിരെയും 34 ശതമാനം തീരുവ ചുമത്തി. വിവിധ അമേരിക്കന്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതുകയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറണമെന്ന് ട്രംപ് അന്ത്യശാസന നല്‍കിയിരുന്നുവെങ്കിലും, ചൈന ഇത് തള്ളിക്കളയുകയായിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

തിരിച്ചടി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ താരിഫുകള്‍ ലോകരാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ താരിഫുകള്‍ വ്യാപാരയുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുത് എന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറിയുടെ ആദ്യ പ്രതികരണം.താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ട്രില്ല്യന്‍ ഡോളറുകളുടെ നഷ്ടമാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ നേരിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com