
കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ സർക്കാരിന് വെല്ലുവിളി ഉയർത്തുന്നവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു സമീപകാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം. ഇന്ത്യ മുന്നണിയെ ഏതെല്ലാം തരത്തിൽ കുളം തോണ്ടാമെന്നതാണ് മോദിയും അമിത് ഷായും നയിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പ്രധാന അജണ്ടയെന്ന് നേരത്തെ തന്നെ വ്യക്തമാണ്.
എന്നാൽ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് അധാർമികമായ രീതിയാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത് എന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെ പ്രധാന ആരോപണം. മഹാരാഷ്ട്രയിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മഹാവികാസ് അഘാഡി നേതാക്കളാണ് ബിജെപിയേയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനേയും സംശയമുനയിൽ നിർത്തി ആരോപണശരങ്ങൾ എയ്യുന്നത്. 100 ശതമാനം വിവിപാറ്റുകളും എണ്ണണമെന്നാണ് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നത്. തീർത്തും അസാധാരണമായൊരു സാഹചര്യമാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളുടെയും കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 66.05 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 6,40,88,195 ആണ്. എന്നാല്‍ എണ്ണിയ വോട്ടുകളുടെ ആകെ എണ്ണം 6,45,92,508 ആണ്. അതായത് 5,04,313 വോട്ടുകള്‍ അധികമുണ്ടെന്നാണ് കണ്ടെത്തല്‍.
മഹാരാഷ്ട്രയിലെ 8 നിയസഭാ മണ്ഡലങ്ങളില്‍ ചെയ്തതിനേക്കാൾ കുറവ് വോട്ടുകളാണ് എണ്ണിയപ്പോൾ കണ്ടത്. ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അഷ്തി, ഒസ്മനാബാദ് എന്നീ മണ്ഡലങ്ങളിൽ വോട്ടുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. പോള്‍ ചെയ്തതിനേക്കാള്‍ 4,538 അധികം വോട്ടുകളാണ് അഷ്തിയില്‍ എണ്ണിയത്. 4,155 വോട്ടുകളുടെ വ്യത്യാസമാണ് ഒസ്മനാബാദില്‍ കണ്ടെത്തിയത്. ആകെ എണ്ണിയ വോട്ടുകളും, പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള ശരാശരി വ്യത്യാസം 1,751 വോട്ടുകളാണെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോലാപൂർ ജില്ലയിലെ മർക്കഡ്‌വാഡി ഗ്രാമത്തിൽ വോട്ടിങ്ങിൽ കൃത്രിമം നടന്നതായി ആരോപിച്ച് നാട്ടുകാരായ വോട്ടർമാർ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഈ ഗ്രാമത്തിൽ ബിജെപി സ്ഥാനാർഥിയും മുൻ എംഎൽഎയുമായ രാം സത്‌പുതെക്ക് അപ്രതീക്ഷിതമായി ലീഡ് ലഭിച്ചതാണ് നാട്ടുകാരുടെ നെറ്റി ചുളിയാൻ കാരണമായത്. 2009, 2014, 2019 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ എൻസിപി നേതാവായ ഉത്തം ജങ്കറിനെ പിന്തുണച്ച പാരമ്പര്യമാണ് ഈ ഗ്രാമത്തിനുള്ളത്. എന്നാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 1003 വോട്ടും, ഉത്തം ജങ്കറിന് 843 വോട്ടുമാണ് ലഭിച്ചത്. ജങ്കറിന് അത്ഭുതകരമായ രീതിയിൽ ജനപിന്തുണ കുറഞ്ഞതാണ് വോട്ടിങ് മെഷീനുകളെ സംബന്ധിച്ച സംശയങ്ങൾക്ക് ഇടയാക്കിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പിന്നാലെ ഡിസംബർ മൂന്നിന് രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണി വരെ ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഒരു ഡമ്മി വോട്ടെടുപ്പ് നടത്തുമെന്ന് മർക്കഡ്‌വാഡി ഗ്രാമവാസികൾ പ്രഖ്യാപനം നടത്തുകയും ചെയ്തു. അതേസമയം, ഈ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രംഗത്തെത്തി. കടുത്ത രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ ഈ തീരുമാനം ആ നാട്ടുകാർ തീരുമാനത്തിൽ പിന്മാറുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രയിലെ മുഖ്യ പ്രതിപക്ഷമായ മഹാവികാസ് അഘാഡി തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി വാദിക്കുന്നത്. ഡിസംബർ 7ന് നിയമസഭയിൽ സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം പ്രതിഷേധവും കടുപ്പിച്ചിരിക്കുകയാണ്.
സമാനമായി 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർ പട്ടികയിൽ നിന്ന് ധാരാളം വോട്ടർമാരെ നീക്കം ചെയ്യാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും വെള്ളിയാഴ്ച ആരോപണമുയർത്തിയിട്ടുണ്ട്. ഷഹ്‌ദാര, ജനക്‌പുരി, ലക്ഷ്മി നഗർ തുടങ്ങിയ മണ്ഡലങ്ങളിലെ ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ടെന്നും കെജ്‌രിവാൾ പറയുന്നു. “ഷഹ്‌ദാര മേഖലയിലെ 11,018 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബിജെപി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ 500 പേരുടെ അപേക്ഷ ക്രോസ് ചെക്ക് ചെയ്തപ്പോൾ, അതിൽ 75 ശതമാനം ആളുകളും ഇപ്പോഴും അവിടെ താമസിക്കുന്നതായി കണ്ടെത്തി. പക്ഷേ അവരുടെ പേരുകൾ ഈ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുണ്ട്," കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
അതേസമയം, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗിലും വോട്ടെണ്ണലിലും ഗുരുതരമായ പൊരുത്തക്കേടുകൾ ഉന്നയിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. പ്രസക്തമായ തെളിവുകൾ ഹാജരാക്കാനും മണ്ഡലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 12 പേജുള്ള മെമ്മോറാണ്ടത്തിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ. ഖുറൈഷി വോട്ടർമാരുടെ ഡാറ്റയിൽ ഉന്നയിച്ച ക്രമക്കേടുകളും പ്രതിപക്ഷം കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇത് പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഗുരുതരമായ വിഷയമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ചൂണ്ടിക്കാട്ടി.
വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കി, ഓരോ മണ്ഡലത്തിലും പതിനായിരത്തോളം വോട്ടർമാരെ ഉൾപ്പെടുത്തി എന്നീ പരാതികളാണ് പ്രതിപക്ഷം പ്രധാനമായി ഉന്നയിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2024 ജൂലൈ മുതൽ നവംബർ വരെ വോട്ടർ പട്ടികയിൽ ഏകദേശം 47 ലക്ഷം വോട്ടർമാരുടെ വർധനവ് ഉണ്ടായെന്നും പരാതിയിൽ പറയുന്നു. നിരവധി പേർ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്.
ബിജെപി ഇവിഎം ഉപയോഗിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറയുന്നു. കോൺഗ്രസിലെ നാനാ പടോലെയും എൻസിപിയിലെ ജിതേന്ദ്ര അവാദും ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളും മഹായുതി സഖ്യത്തിൻ്റെ ജനാധിപത്യവിരുദ്ധ മനോഭാവത്തെ വിമർശിച്ചു. ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും മഹാവികാസ് അഘാഡി നേതാക്കൾ ആവർത്തിച്ചു. "മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ സംശയങ്ങൾ ഉയർത്തുന്നതാണ്. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിച്ചതായി സംശയമുണ്ട്. ജനങ്ങൾ അസന്തുഷ്ടരാണ്. എന്തോ കുഴപ്പം തോന്നുന്നുണ്ട്," കോൺഗ്രസ് എംഎൽഎയായ വിജയ് വഡെറ്റിവാർ പറഞ്ഞു.
അതേസമയം, സംശയമുണ്ടെങ്കിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് വേണ്ടതെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ തിരിച്ചടിക്കുന്നത്. ഇവിടെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ല. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. അവിടെ നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അജിത് പവാർ പ്രതിപക്ഷത്തെ ഉപദേശിച്ചു.
കാര്യങ്ങൾ എന്തു തന്നെയായാലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നറിയപ്പെടുന്ന ഇന്ത്യയിൽ നിന്നുയരുന്ന ഇത്തരം ആരോപണങ്ങൾ തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയ്ക്ക് മേൽ കളങ്കം ചാർത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് എത്രയും വേഗം സത്യാവസ്ഥ ജനങ്ങൾക്ക് മുമ്പാകെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രം ഭരിക്കുന്ന ഭരണകൂടത്തിനും, അതുപോലെ സ്വതന്ത്ര ചുമതലയുണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ട്. വോട്ട് ചെയ്യുകയെന്നത് പൗരൻ്റെ അടിസ്ഥാനപരമായ അവകാശമാണ്. അതേക്കുറിച്ച് ഉയരുന്ന ആശങ്കകൾ രാജ്യത്തിൻ്റെ ജനാധിപത്യത്തെ ദുർബലമാക്കുമെന്ന ബോധ്യം ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഇനി ഇലോൺ മസ്കിനെ പോലുള്ളവർ നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ, ഇവിഎം മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാനിടയാകുന്ന സാഹചര്യമുണ്ടായാൽ അത് രാജ്യത്തെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നുറപ്പാണ്. ജനാധിപത്യത്തിൻ്റെ ചരമഗീതം അവിടെ കുറിക്കപ്പെടും...