നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്
തിരുവനന്തപുരത്ത് യുവസംവിധായകനെ കഞ്ചാവുമായി പിടികൂടി എക്സൈസ്. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.
അതേസമയം സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഉപയോഗിക്കുന്നതിന് സ്ഥലം ഒരുക്കി നൽകിയതിനാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സമീർ താഹിറിൻ്റെ പേരിലുള്ള ഫ്ളാറ്റിൽ നിന്നാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലാകുന്നത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അഭിഭാഷകനൊപ്പം ഹാജരായ സമീർ താഹിറിനെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനായി ഫ്ളാറ്റ് വിട്ടു നൽകിയതിനാണ് അറസ്റ്റ്. എന്നാൽ ഫ്ളാറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് സമീർ താഹിർ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.