ലണ്ടനില്‍ വൈദ്യുതി സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി, ഹീത്രൂ എയര്‍പോര്‍ട്ട് അടച്ചു; 5000 ലധികം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു

തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും എന്നാൽ തീപിടിത്തത്തിന്‍റെ കാരണം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ലണ്ടനിലെ അഗ്നിശമന സേന അറിയിച്ചു.
ലണ്ടനില്‍ വൈദ്യുതി സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി, ഹീത്രൂ എയര്‍പോര്‍ട്ട് അടച്ചു; 5000 ലധികം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു
Published on

ലണ്ടനിലെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രൂ എയര്‍ പോര്‍ട്ട് വെള്ളിയാഴ്ച അടച്ചിടും. വെള്ളിയാഴ്ച അര്‍ധ രാത്രി വരെയായിരിക്കും അടച്ചിടുകയെന്ന് അധികൃതര്‍ അറിയിച്ചു. ലണ്ടനിലെ നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്.

സബ് സ്റ്റേഷനിലെ പൊട്ടിത്തെറിയും തുടര്‍ന്നുണ്ടായ തീപിടത്തത്തെയും തുടര്‍ന്ന് 5000ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. തീപിടിത്തം  1300 ഓളം വിമാനങ്ങുടെ  പ്രവർത്തനത്തെയും ബാധിച്ചു. നിരവധി ഫ്‌ളൈറ്റുകള്‍ വഴി തിരിച്ചുവിട്ടുവെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് സര്‍വീസ് ആയ ഫ്‌ളൈറ്റ് റഡാര്‍ 24 അറിയിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്ക് വരരുതെന്നും യാത്ര സംബന്ധമായ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന് സമീപം താമസിക്കുന്ന 150 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും എന്നാൽ തീപിടിത്തത്തിന്‍റെ കാരണം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ലണ്ടനിലെ അഗ്നിശമന സേന അറിയിച്ചു. അതേസമയം തീപിടിത്തത്തിൽ ആളപായമില്ല. തീ അണയ്ക്കുന്നതിനായി പത്തോളം ഫയര്‍ എന്‍ജിനുകളും 70 അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തുണ്ടെന്നും സേന അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com