വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധം; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കുന്നത് നയതന്ത്ര വിജയം

റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25 ന് യുഎസ് കോടതി അനുമതിയും നല്‍കിയതിന് പിന്നാലെ പാക് വംശജനായ ഈ കനേഡിയന്‍ പൗരനെ ഇന്ത്യക്ക് വിട്ടുനല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധം; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കുന്നത് നയതന്ത്ര വിജയം
Published on


മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസെന്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുന്നത് നയതന്ത്ര വിജയമാണ്. വര്‍ഷങ്ങളോളം ഇന്ത്യ നടത്തിയ നിയമ- നയതന്ത്ര നീക്കങ്ങള്‍ക്ക് ഒടുവിലാണ് റാണയെ ഡല്‍ഹിയില്‍ എത്തിക്കാനായത്.

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 2024 നവംബറില്‍ റാണ യുഎസ് പരമോന്നത കോടതിയെ സമീപിച്ചു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ സുപ്രിംകോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്കുള്ള വഴി തുറന്നത്. 

റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25 ന് യുഎസ് കോടതി അനുമതിയും നല്‍കിയതിന് പിന്നാലെ പാക് വംശജനായ ഈ കനേഡിയന്‍ പൗരനെ ഇന്ത്യക്ക് വിട്ടു നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷ നല്‍കിയെങ്കിലും യുഎസ് സുപ്രീം കോടതി ഇതും തള്ളി.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രം ജൈലന്‍ഡ് പോസ്റ്റന്‍ ഓഫിസുകള്‍ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 63 കാരനായ റാണ വര്‍ഷങ്ങളായി ലൊസാഞ്ചലസിലെ ജയിലിലായിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും ഈ കേസില്‍ അറസ്റ്റിലായിരുന്നു.

റാണക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇന്ത്യയില്‍ സ്വേച്ഛാധിപത്യ പ്രവണതകള്‍ വര്‍ധിച്ച് വരികയാണെന്നും, ന്യായമായ വിചാരണക്കുള്ള റാണയുടെ അവകാശം ഇല്ലാതാക്കുമെന്നും യുഎസ് കോടതികളില്‍ റാണയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. പാക് ബന്ധം റാണയുടെ ജീവന് ഇന്ത്യയില്‍ ഭീഷണി സൃഷ്ടിക്കുമെന്നും കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിക്കപ്പെട്ടില്ല.

എന്‍ഐഎ കുറ്റപത്രത്തില്‍ റാണയെ പ്രതി ചേര്‍ത്തിട്ടുണ്ട്. ലഷ്‌കര്‍ തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും ലഷ്‌കര്‍ തലവന്‍ ഫാഫിസ് സയീദും റാണയും പാക് ചാരസംഘടനയിലെ മേജര്‍ ഇഖ്ബാലും ചേര്‍ന്നാണ് മുംബൈ ആക്രമണത്തിൻ്റെ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ വാദം. തഹാവൂര്‍ റാണയുടെ ബാല്യകാല സുഹൃത്തു കൂടിയാണ് ഹെഡ്ലി.

2008 നവംബര്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഭീകരാക്രമണ ഗൂഢാലോചനയ്ക്കായി മുംബൈയിലെ പൊവായ് റിനൈസണ്‍സ് ഹോട്ടലില്‍ റാണ താമസിച്ചതായി എന്‍ഐഎ കണ്ടെത്തി.  മുംബൈ ആക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയ ഇന്ത്യ 2019 മുതല്‍ അമേരിക്കയോട് റാണയ്ക്കായി പലവട്ടം ആവശ്യമുന്നയിച്ചിരുന്നു. 2020 ജൂണ്‍ പത്തിന് ഇന്ത്യ യുഎസ് കോടതിയില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ റാണ ട്രാന്‍സിറ്റ് നടപടി സ്റ്റേ ചെയ്യണമെന്ന് യുഎസ് കോടതിയില്‍ അപേക്ഷ നല്‍കിയതോടെ നിയമ നടപടികള്‍ നീണ്ടുപോയി.

റാണയെ എത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി നവംബര്‍ ഏഴിന് ദേശീയ അന്വേഷണ സംഘവും വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com