അവിഹിത ബന്ധങ്ങൾ നഷ്ടപരിഹാരത്തിന് കാരണമാകില്ല; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ഭാര്യ അവിഹിതബന്ധം പുലർത്തിയതിൻ്റെ പേരിൽ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. അവിഹിത ബന്ധങ്ങൾ വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭാര്യ ഒളിച്ചോടി പോയതിലെ മനോവ്യഥക്കും മാനഹാനിക്കും ഭർത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ്.
2006 നവംബർ 19ന് വിവാഹിതരായ ദമ്പതികളിൽ ഭാര്യ അവിഹബന്ധമുണ്ടായിരുന്ന മറ്റൊരാൾക്കൊപ്പം 2012 ജൂലൈ 31ന് രേഖകളും സ്വർണാഭരണങ്ങളുമായി വീടു വിട്ടു പോയെന്നാരോപിച്ചായിരുന്നു ഭർത്താവിന്‍റെ പരാതി. 20 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണവും പണവും തിരിച്ചു നൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് നാല് ലക്ഷം നൽകാൻ ഉത്തരവായത്. എന്നാൽ, ഭർത്താവിന്‍റെയും മാതാപിതാക്കളുടേയും അവഹേളനം മൂലമാണ് വീടുവിട്ടതെന്നും, വീടു വിടുന്ന ദിവസവും അതിന് തൊട്ടു മുമ്പുള്ള ദിവസവും, തന്നെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ചുവെന്നുമാണ് ഭാര്യയുടെ ആരോപണം. സ്വന്തം വീട്ടിലേക്ക് പോന്ന താൻ പിന്നീടാണ് ബന്ധുവായ പ്രവീൺ എന്നയാൾക്കൊപ്പം താമസം തുടങ്ങിയത്.
അവിഹിതബന്ധം വിവാഹ മോചനത്തിന് കാരണമായി കാട്ടാമെങ്കിലും അത് മൂലമുണ്ടായ മാനസികവ്യഥക്ക് നഷ്ടപരിഹാരം തേടാൻ ഇന്ത്യയിലടക്കം ഒരിടത്തും നിയമവ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്ത്രീ -പരപുരുഷ ബന്ധം ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമല്ല. സത്രീക്ക് ലൈംഗീക സ്വാതന്ത്ര്യവും, സ്വയം ഭരണവും, അന്തസും അനുവദിക്കുന്നതാണ് നിയമം. സ്ത്രീയുടെ ലൈംഗീകത ഭർത്താവിന്‍റെ സ്വത്താണ് എന്ന് വരുന്നിടത്ത് ഈ ഭരണഘടനാവകാശം ലംഘിക്കപ്പെടുന്നു. അധാർമികം എന്ന് വിലയിരുത്തിയാലും ഇത് ക്രിമിനൽ നിയമത്തിന്‍റെ പരിധിയിൽ വരുന്ന ഒന്നല്ല. വിവാഹം എന്നത് സിവിൽ കരാറാണ്. പങ്കാളിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി സ്വത്തവകാശത്തിന് അർഹതയില്ല.
1869ലെ വിവാഹ മോചന നിയമത്തിൽ 2001ൽ കൊണ്ടുവന്ന ഭേദഗതിക്ക് മുമ്പ് ഭർത്താവിന് നഷ്ടപരിഹാരം തേടാനുള്ള വകുപ്പ് നിലവിലുണ്ടായിരുന്നു. ഇനി അത് അനുവദിച്ചാൽ, ഒരാൾക്ക് മറ്റൊരാളിലുള്ള ലൈംഗീകാധികാരത്തിന്‍റെ പുനഃസ്ഥാപനമാകുമെന്ന് വിലയിരുത്തിയ കോടതി, നാല് ലക്ഷം ഭർത്താവിന് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് റദ്ദാക്കി.