ബാരിക്കേഡെന്ന് കരുതി ബലൂണ്‍ വെച്ച സ്റ്റിക്കില്‍ പിടിച്ചപ്പോഴാണ് വീണത്, ഉമ തോമസിന് ബോധമുണ്ടായിരുന്നില്ല; ദൃക്‌സാക്ഷി ന്യൂസ് മലയാളത്തോട്

എംഎല്‍എയാണ് വീണതെന്ന് അലറി വിളിച്ച് ഞാന്‍ പുറത്തേക്ക് ഓടിയെത്തി പൊലീസിനോട് പറഞ്ഞു
ബാരിക്കേഡെന്ന് കരുതി ബലൂണ്‍ വെച്ച സ്റ്റിക്കില്‍ പിടിച്ചപ്പോഴാണ് വീണത്, ഉമ തോമസിന് ബോധമുണ്ടായിരുന്നില്ല; ദൃക്‌സാക്ഷി ന്യൂസ് മലയാളത്തോട്
Published on

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മെഗാ ഭരതനാട്യത്തിന്റെ ഉദ്ഘാടനത്തിനായി കെട്ടിയ താല്‍ക്കാലിക സ്‌റ്റേജിലെ കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉമ തോമസ് എംഎല്‍എ നിലത്തേക്ക് വീഴുന്നതെന്ന് ദൃക്‌സാക്ഷി ന്യൂസ് മലയാളത്തോട്. സ്‌റ്റേജില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമായതെന്നും ദൃക്‌സാക്ഷി പറയുന്നു.

താല്‍ക്കാലികമായി കെട്ടിയ സ്റ്റേജില്‍ ബാരിക്കേഡ് ഉണ്ടായിരുന്നില്ല. സ്റ്റേജില്‍ ബലൂണുകള്‍ വെക്കാന്‍ വേണ്ടി വെച്ച സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. എംഎല്‍എ അത് ബാരിക്കേഡാണെന്ന് കരുതി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് മനസിലാക്കുന്നതെന്നും ദൃക്‌സാക്ഷി പറഞ്ഞു. എംഎല്‍എ വീണപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇദ്ദേഹമായിരുന്നു. 

'എടുക്കുന്ന സമയത്ത് എംഎല്‍എയ്ക്ക് ബോധമുണ്ടായിരുന്നില്ല. എനിക്ക് അവരെ എടുത്ത് ഉയര്‍ത്താന്‍ പറ്റിയില്ല. സംഭവം നടന്ന സമയത്ത് തന്നെ ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എംഎല്‍എയാണ് വീണത് അപ്പോള്‍ മനസിലാക്കിയത് ഞാന്‍ മാത്രമാണെന്ന് തോന്നുന്നു. അവിടുന്ന് എംഎല്‍എയാണ് വീണതെന്ന് അലറി വിളിച്ച് ഞാന്‍ പുറത്തേക്ക് ഓടിയെത്തി പൊലീസിനോട് പറഞ്ഞു. അവരെ പുറത്തെത്തിക്കുമ്പോഴേക്കും തന്നെ ആംബുലന്‍സ് എത്തിയിരുന്നു. അതിലൊന്നും കാലതാമസം ഉണ്ടായിരുന്നില്ല,'ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം ഉമ തോമസിന് ഗുരുതര പരുക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 അടി ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു.

20,000ത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്നത്. വിഐപി സീറ്റില്‍ മന്ത്രി സജി ചെറിയാന്‍, എംപി ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഉമ തോമസിന് മുഖത്തും മൂക്കിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com