മഹാരാഷ്ട്ര ഗവർണറെ കണ്ട് ഫഡ്നാവിസ്; വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്

ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഫഡ്നാവിസ്  ഏക്നാഥ് ഷിന്‍ഡെയ്ക്ക് പ്രത്യേക നന്ദി അറിയിച്ചു
മഹാരാഷ്ട്ര ഗവർണറെ കണ്ട് ഫഡ്നാവിസ്; വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്
Published on

മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.  അജിത് പവാർ, ഏക്നാഥ് ഷിന്‍ഡെ എന്നിവർക്കൊപ്പമാണ് ഫഡ്നാവിസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.  ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഫഡ്നാവിസ് ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്ക് പ്രത്യേക നന്ദി അറിയിച്ചു. 

"ഇന്നലെ ഏക്‌നാഥ് ഷിൻഡെയോട് ഞാന്‍ മന്ത്രിസഭയിൽ തുടരാൻ അഭ്യർത്ഥിച്ചിരുന്നു... അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ഞങ്ങൾ തമ്മിലുള്ള ഒരു സാങ്കേതിക കരാർ മാത്രമാണ്.... തീരുമാനങ്ങൾ എടുക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു, അത് തുടരും", ഫഡ്നാവിസ് പറഞ്ഞു.

ശിവസേനയ്ക്കും ബിജെപിക്കുമിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം നിലനില്‍ക്കുന്നു എന്ന വാദങ്ങള്‍ തള്ളുന്നതായിരുന്നു ഏക്നാഥ് ഷിന്‍ഡെയുടെ മറുപടി. "രണ്ടര വർഷം മുമ്പ് മുഖ്യമന്ത്രിയാകാൻ ഫഡ്‌നാവിസ് എൻ്റെ പേര് ശുപാർശ ചെയ്തു. ഇത്തവണ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിൻ്റെ പേര് ഞങ്ങൾ ശുപാർശ ചെയ്യുന്നു,' ഷിൻഡെ പറഞ്ഞു.

Also Read: മഹാരാഷ്ട്ര സസ്പെൻസൊഴിഞ്ഞു; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ

ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനു പിന്നാലെയായിരുന്നു ഗവർണറുമായുള്ള കൂടിക്കാഴ്ച. ഡിസംബർ 5ന് വൈകിട്ട് 5.30ന് സത്യപ്രതിജ്ഞയുണ്ടാകുമെന്നും ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ഫഡ്നാവിസ് അറിയിച്ചു. മന്ത്രിസഭയുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഇന്ന് വൈകിട്ട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ നവംബർ 23 ന് ജനവിധി വന്നതു മുതൽ തുടരുന്ന മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതത്വം അവസാനിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ ചുമതലയേല്‍ക്കും. മന്ത്രിസഭയില്‍ ശിവസേന, എന്‍സിപി, എന്നീ സഖ്യകക്ഷികളില്‍ നിന്നും ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന.

280 അംഗ നിയമസഭയില്‍ 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പവാറിന്‍റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 57 സീറ്റുകളാണ് നേടിയത്. മൊത്തത്തില്‍ 230 സീറ്റുകള്‍ നേടിയ മഹായുതി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ ചരിത്ര വിജയമാണ് നേടിയത്. മഹായുതി സഖ്യത്തിന് 140നു മേല്‍ സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com