
വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമായി മൂന്ന് പേര്‍ റാസല്‍ ഖൈമയില്‍ അറസ്റ്റില്‍. 23 മില്യണ്‍ ദിര്‍ഹം (52,53,55,860 ഇന്ത്യൻ രൂപ) വില വരുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളാണ് ഇവരില്‍ നിന്ന് യുഎഇ പൊലീസ് പിടികൂടിയത്.
650,000 ലധികം വരുന്ന ബ്രാന്‍ഡഡ് എന്ന പേരില്‍ ലേബല്‍ ചെയ്ത വ്യാജ ലിപ്സ്റ്റിക്കുകളും ഷാംപൂകളും മറ്റു വസ്തുക്കളുമാണ് റാസല്‍ ഖൈമ പൊലീസ് ബുധനാഴ്ച പിടികൂടിയത്. സാമ്പത്തിക വികസന വകുപ്പില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് പൊലീസ് ഇവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചത്.
വെയര്‍ ഹൗസുകളില്‍ സംശയകരമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ നടപടി ആരംഭിച്ചെന്നും ദിവസങ്ങള്‍ എടുത്ത് നിരീക്ഷണം നടത്തിയതിന് ശേഷം സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നുവെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റീവ് അഫയര്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പറഞ്ഞു.
നിരീക്ഷണം നടത്തുന്ന ദിവസങ്ങളില്‍ വെയര്‍ ഹൗസില്‍ സംശയാസ്പദമായി പലതും ശ്രദ്ധയില്‍പ്പെട്ടെന്നും ഡയറക്ടര്‍ വ്യക്തമാക്കി.