വിയറ്റ്‌നാമിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

വടക്കൻ വിയറ്റ്നാമിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.വിയറ്റ്നാമിലെ തീരദേശ നഗരങ്ങളിൽ നിന്ന് 50,000 ത്തോളം ആളുകളെ ഒഴിപ്പിച്ചു
വിയറ്റ്‌നാമിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
Published on

വിയറ്റ്‌നാമിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. രാജ്യത്ത് വീശിയടിച്ച 'യാഗി' എന്ന സൂപ്പർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഒരേ കുടുംബത്തിലെ നാല് പേർ മരിച്ചത്. മണ്ണിനടിയിലായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിയില്‍ 14 പേർ കൊല്ലപ്പെടുകയും 176 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിയറ്റ്നാമീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുന്നതിനാൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശനിയാഴ്ച വടക്കൻ ക്വാങ് നിൻ പ്രവിശ്യയിൽ മൂന്ന് പേരും ഹനോയിക്ക് സമീപമുള്ള ഹായ് ഡുവോംഗിൽ മറ്റൊരാളും കൊല്ലപ്പെട്ടതായും സ്റ്റേറ്റ് മീഡിയ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വടക്കൻ വിയറ്റ്നാമിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. വിയറ്റ്നാമിലെ തീരദേശ നഗരങ്ങളിൽ നിന്ന് 50,000 ത്തോളം ആളുകളെ ഒഴിപ്പിച്ചു. ഹനോയ് ഉൾപ്പെടെ 12 വടക്കൻ പ്രവിശ്യകളിൽ സ്കൂളുകൾ അടച്ചു.

കനത്ത മഴയിൽ നിന്ന് രക്ഷനേടാൻ ഹനോയിയിലെ മോട്ടോർ സൈക്കിൾ യാത്രക്കാർ പാലത്തിനടിയിൽ അഭയം പ്രാപിക്കുന്ന ചിത്രങ്ങൾ സംസ്ഥാന മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. കൊടുങ്കാറ്റ് വടക്കൻ ലാവോസിലേക്ക് നീങ്ങുമെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും പുറത്തു വിട്ടിട്ടുണ്ട്.

ചുഴലിക്കാറ്റ് ചൈനീസ് ദ്വീപായ ഹൈനാനിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഫിലിപ്പീൻസിലും നാശം വരുത്തിയതായാണ് റിപ്പോർട്ട്. കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ചൈന ഹൈനാൻ ദ്വീപിൽ നിന്ന് 400,000 ആളുകളെ ഒഴിപ്പിച്ചു. 8,30,000 ത്തോളം വീടുകളെ ബാധിച്ചു. വ്യാപകമായ വൈദ്യുതി മുടക്കം അവിടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com