രണ്ട് മാസം മുമ്പ് ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; അമേഠിയില്‍‌ ദളിത് കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ടു

കുറ്റകൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കവർച്ച നടന്നതായി തോന്നുന്നില്ലെന്നും പൊലീസ് പറഞ്ഞു
രണ്ട് മാസം മുമ്പ് ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; അമേഠിയില്‍‌ ദളിത് കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ടു
Published on

ഉത്തർപ്രദേശിലെ അമേഠിയില്‍‌ ദളിത് കുടുംബം വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ. സർക്കാർ സ്കൂൾ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള ഇവരുടെ പെൺമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. അമേഠിയിലെ ഭവാനി നഗറിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

കുറ്റകൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കവർച്ച നടന്നതായി തോന്നുന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം നേരത്തെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട പൂനം ഭാരതി രണ്ട് മാസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചന്ദന്‍ വർമ എന്ന വ്യക്തിക്കെതിരെയായിരുന്നു പരാതി. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ചന്ദൻ വർമയായിരിക്കുമെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

ഓഗസ്റ്റ് 18ന് ഭർത്താവും മക്കളും ഒരുമിച്ച് റായ് ബറേലിയിലെ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പോകുന്ന വഴിക്ക് ചന്ദന്‍ വർമ അപമര്യാദയായി പെരുമാറിയെന്നും സുനില്‍ കുമാറിനെ ജാതിപരമായി അധിക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗികാതിക്രമം, ജീവന് ഭീഷണി, എസ്‌സി-എസ്ടി ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ചാണ് ഭാരതി പരാതി നൽകിയത്.

എന്നാൽ കേസ് റായ് ബറേലി പൊലീസ് ഒത്തു തീർപ്പാക്കുകയായിരുന്നു. അതേസമയം കേസില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് തന്റെ മകന് ഈ ഗതിയുണ്ടാകുമായിരുന്നില്ലെന്ന് കൊല്ലപ്പെട്ട സുനില്‍ കുമാറിന്റെ പിതാവ് പറഞ്ഞു.

'എന്റെ മകന്‍ പോയി. ഞാന്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. പക്ഷെ അയാൾ (കൊലപാതകി) ഏത് ജാതിയില്‍പ്പെട്ടയാളാണെന്ന് അറിയില്ല. മരുമകള്‍ നല്‍കിയ പരാതിയില്‍ അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് ഈ ഗതി ഉണ്ടാവില്ലായിരുന്നു,' പിതാവ് പറഞ്ഞു.

സംഭവത്തില്‍ യുപിയിലെ ക്രമസമാധാന പാലനത്തിൽ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എസ് പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇവിടെ ആരെങ്കിലും ഉണ്ടോ? ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ എന്നായിരുന്നു അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ചോദിച്ചത്.

Also Read: രാഷ്ട്രീയ സഖ്യ സാധ്യതകളുടെ പരീക്ഷണശാലയാകുന്ന ഹരിയാന

അതേസമയം ചന്ദൻ വർമയും കൊലപാതകത്തിന്‍റെ ഭാഗമായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് വാദം. കൊലപാതകത്തിലെ ഇയാളുടെ പങ്കും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com