'ഡൽഹി ചലോ' കർഷക മാർച്ചിനെതിരെ കണ്ണീർ വാതക പ്രയോഗം; നിരവധി കർഷകർക്ക് പരുക്ക്, ജാഥ താൽക്കാലികമായി നിർത്തി

ഇതേ തുടർന്ന് ഇന്നത്തെ പ്രതിഷേധ മാർച്ച് നിർത്തിവെക്കാൻ കർഷക നേതാക്കൾ തീരുമാനിക്കുകയായിരുന്നു എന്ന് കർഷക നേതാവായ സർവൻ സിങ് പാന്ഥേർ പിടിഐയോട് പറഞ്ഞു
'ഡൽഹി ചലോ' കർഷക മാർച്ചിനെതിരെ കണ്ണീർ വാതക പ്രയോഗം; നിരവധി കർഷകർക്ക് പരുക്ക്, ജാഥ താൽക്കാലികമായി നിർത്തി
Published on


കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) എന്നീ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഡൽഹി ചലോ മാർച്ചിന് നേരെ ഹരിയാന പൊലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ നിരവധി കർഷകർക്ക് പരുക്കേറ്റു. ഇതേ തുടർന്ന് ഇന്നത്തെ പ്രതിഷേധ മാർച്ച് നിർത്തിവെക്കാൻ കർഷക നേതാക്കൾ തീരുമാനിക്കുകയായിരുന്നു എന്ന് കർഷക നേതാവായ സർവൻ സിങ് പാന്ഥേർ പിടിഐയോട് പറഞ്ഞു.

101 കർഷകരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്ന് മാർച്ച് ആരംഭിച്ചത്. മാർച്ച് ആരംഭിച്ച് ഏതാനും മീറ്ററുകൾ മാത്രം മുന്നോട്ടേക്ക് പോയപ്പോൾ തന്നെ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ജാഥയ്ക്കിടെ ഏതാനും കർഷകർക്ക് പരുക്കേറ്റതോടെ ഇന്നത്തെ ജാഥ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഹരിയാന പൊലീസ് നേരത്തെ ശംഭുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബിഎൻഎസ്എസ് 163 പ്രകാരമാണ് കർഷകരെ തടഞ്ഞതെന്നാണ് ഹരിയാന പൊലീസ് അധികൃതർ നൽകുന്ന വിവരം. ഘഗ്ഗാർ പാലത്തിന് സമീപം പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാൻ കർഷകരിൽ ചിലർ ശ്രമിച്ചതോടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്.

ഡിസംബർ 9 വരെ ഹരിയാനയിലെ അമ്പല ജില്ലയിലെ 11 ഗ്രാമങ്ങളിൽ ഇൻ്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദംഗ്‌ദേഹ്‌രി, ലോഹ്‌ഗർ, മനക്‌പൂർ, ദാദിയാന, ബാരി ഗെൽ, ലാർസ്, കാലു മജ്‌ര, ദേവി നഗർ, സദ്ദോപൂർ, സുൽത്താൻപൂർ, കക്രു എന്നീ ഗ്രാമങ്ങളിലാണ് നിരോധനമുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com