"സ്ഥിര നിയമനം ലഭിക്കാതിരുന്നത് മാനേജ്മെൻ്റിൻ്റെ അനാസ്ഥ മൂലം, സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല"; അലീനയുടെ പിതാവ്

മാനേജ്മെൻ്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകൂ എന്ന് പറഞ്ഞ ബെന്നി തൻ്റെ മകൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
"സ്ഥിര നിയമനം ലഭിക്കാതിരുന്നത് മാനേജ്മെൻ്റിൻ്റെ അനാസ്ഥ മൂലം, സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല"; അലീനയുടെ പിതാവ്
Published on


കോഴിക്കോട് കട്ടിപ്പാറയിൽ ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ അധ്യാപിക അലീനയുടെ മാതാപിതാക്കൾ കോർപ്പറേറ്റ് മാനേജ്‌മെൻ്റിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. മകൾ മരിച്ചതിന് ശേഷവും മാനേജ്മെൻ്റ് പ്രതിനിധികൾ ഇതു വരെ ബന്ധപ്പെട്ടില്ലെന്ന് അലീനയുടെ പിതാവ് ബെന്നി പറഞ്ഞു. സ്ഥിര നിയമനം ലഭിക്കാതിരുന്നത് മാനേജ്മെൻ്റ് കൃത്യമായി വേണ്ട നടപടികൾ സ്വീകരിക്കാത്തത് കൊണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി.

ആറ് വർഷം ജോലി ചെയ്തിട്ടും നൂറു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ലെന്ന് ബെന്നി പറഞ്ഞു. ഇതിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മാനേജ്മെൻ്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകൂ എന്ന് പറഞ്ഞ ബെന്നി തൻ്റെ മകൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.


വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് അലീന ബെന്നിയെന്നായിരുന്നു അധ്യാപക സംഘടനയായ കാത്തലിക് ടീച്ചേർസ് ഗിൾഡ് നൽകിയ വിശദീകരണം. നിയമനാംഗീകാരവും ശമ്പള ആനുകൂല്യവും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് ഈ യുവ അധ്യാപികയെന്നും സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

വിദ്യാഭ്യാസ വകുപ്പിൻ്റെ നിഷേധാത്മക നിലപാടുമൂലമാണ് നിയമനം അംഗീകരിക്കപ്പെടാത്തതെന്ന് സംഘടന പറയുന്നു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെൻ്റിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും പത്രകുറിപ്പിൽ പരാമർശമുണ്ട്. ഇതിനെതിരെ പൊതുസമൂഹം ജാഗരൂകരാകണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഘടനയുടെ ഈ വാദങ്ങൾ തള്ളിയാണ് യുവതിയുടെ പിതാവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.



കഴിഞ്ഞ ദിവസമാണ് കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നിയെ (29) വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അലീനയുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ അലീനക്ക് കഴിഞ്ഞ 6 വർഷമായി ഒരു രൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിൽ അലീന ജോലിക്ക് കയറിയത്. ആറു വർഷം പിന്നിട്ടിട്ടും ജോലി സ്ഥിരപ്പെടുത്തി നൽകിയില്ലെന്നുമാത്രമല്ല, ശമ്പളയിനത്തിൽ ഒരു രൂപ പോലും നൽകിയതുമില്ല. ഇവർ താമസിച്ചിരുന്ന കട്ടിപ്പാറയിലെ വീട്ടിൽ നിന്നും ജോലി ഏകദേശം 25 കിലോമീറ്റർ ദൂരത്തായിരുന്നു ഇവർ ജോലി ചെയ്തിരുന്ന വിദ്യാലയം.



കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലാ എന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലെന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു. ഇതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com