
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെക്കാൾ സ്വാതന്ത്ര്യം പെൺപൂച്ചകൾക്ക് ഉണ്ടെന്ന് ഹോളിവുഡ് താരം മെറിൽ സ്ട്രീപ്പ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ആയിരുന്നു താരത്തിൻ്റെ പ്രതികരണം. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഹോളിവുഡ് താരത്തിൻ്റെ പ്രതികരണം. രാജ്യത്തെ സ്ത്രീകളെക്കാൾ സ്വാതന്ത്യം പെൺപൂച്ചകൾക്ക് ഉണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടൽ നടത്തണമെന്നും താരം ആവശ്യപ്പെട്ടു.
സ്ത്രീകൾ പൊതുസ്ഥലത്ത് ഖുറാൻ പാരായണം നടത്തരുതെന്നും, കുടുംബാംഗമല്ലാത്ത പുരുഷന്‍മാരെ നോക്കരുതെന്നും, മുഖം ഉൾപ്പടെ മറക്കാതെ പുറത്ത് പോകരുതെന്നുമായിരുന്നു താലിബാൻ്റെ ഓഗസ്റ്റിൽ പുറത്തിറക്കിയ പുതിയ ഉത്തരവ്. അഫ്ഗാനിസ്ഥാൻ്റെ ഭാവിയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഊന്നിയ ചർച്ചയിലാണ് താരം താലിബാനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
വീടിൻ്റെ മുൻഭാഗത്ത് പോയിരിക്കാൻ പൂച്ചകൾക്ക് സ്വാതന്ത്ര്യമുണ്ട്, സ്ത്രീകൾക്കില്ല. പൊതു ഇടങ്ങളിലെ പാർക്കുകളിൽ പോകാൻ അണ്ണാന് അനുവാദമുണ്ട്, പക്ഷേ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമില്ല. കാബൂളിൽ പൊതു ഇടത്ത് ഒരു പക്ഷിക്ക് പാട്ടുപാടാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് ഇതിന് അനുവാദമില്ല എന്നു തുടങ്ങി രൂക്ഷമായ ഭാഷയിലായിരുന്നു മെറിൽ സ്ട്രീപ്പിൻ്റെ വിമർശനം.