
ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. കെജ്‌രിവാളിന്‍റെ ഹർജിയില്‍ സുപ്രീം കോടതിയുടേതാണ് വിധി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ടും ജാമ്യാപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലുമാണ് നടപടി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.
അരവിന്ദ് കെജ്‌രിവാളിനു വേണ്ടി മനു അഭിഷേക് സിംഗ്‍വിയും സിബിഐക്ക് വേണ്ടി എഎസ്ജി എസ്.വി. രാജുവുമാണ് കോടതിയില്‍ ഹാജരായത്. ഈ മാസം അഞ്ചിന് കോടതി കെജ്‌രിവാളിന്‍റെയും സിബിഐയുടെയും വാദം കേട്ടിരുന്നു. 2024 ജൂൺ 26നാണ് ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ജൂണ്‍ 25ന് കള്ളപ്പണം വെളുപ്പിക്കലില്‍ ഇഡി കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‍രിവാളിനെ തിഹാര്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്യുകയും, ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, വിജയ് നായർ, ബിആർഎസ് നേതാവ് കെ.കവിത എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
അറു മാസങ്ങള്‍ക്ക് ശേഷമാണ് കെജ്‌രിവാള്‍ ജയില്‍ മോചിതനാകുന്നത്. ഉപാധികളോടെയാണ് കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികള്‍ പ്രകാരം, കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡല്‍ഹി സെക്രട്ടറിയേറ്റിലോ പ്രവേശിക്കാന്‍ സാധിക്കില്ല. മാത്രമല്ല, ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ അനുമതിയില്ലാതെ സർക്കാർ ഫയലുകളില്‍ ഒപ്പുവെയ്ക്കാന്‍ കഴിയില്ല. 10 ലക്ഷം രൂപയുടെ ബോണ്ടിലും അത്രയും തന്നെ തുകയുടെ ആൾജാമ്യത്തിലുമായിരിക്കും കെജ്‍രിവാളിന്‍റെ മോചനം. ഇതിനു പുറമെ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളുമായി സംസാരിക്കാനോ പ്രസ്താവനകള്‍ നടത്താനോ കെജ്‌രിവാളിന് അനുമതിയുണ്ടാവുകയില്ല. ഹർജിയില്‍ ബെഞ്ചിന് ഭിന്നവിധിയായിരുന്നു.ജസ്റ്റിസ് ഉജ്ജൽ ഭുയാന്‍ വിധിയിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും ആയിരുന്നു ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ നിരീക്ഷണം.
എന്താണ് ഡല്‍ഹി മദ്യനയം അഴിമതി?
2021 നവംബർ 17നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മദ്യ വില്‍പന ആധുനികവത്കരിക്കുക, മദ്യ മാഫിയകളെ നിയന്ത്രിക്കുക, കരിഞ്ചന്ത അവസാനിപ്പിക്കുക. ഇതൊക്കെയായിരുന്നു പുതിയ മദ്യനയത്തിന്‍റെ ലക്ഷ്യം.
നഗരത്തിലെ 849 മദ്യവില്‍പന കേന്ദ്രങ്ങളെ 32 സോണുകളായി തിരിച്ച്, സ്വകാര്യ ലേലക്കാര്‍ക്ക് റീട്ടെയ്ല്‍ ലൈസന്‍സ് ലഭ്യമാക്കി. ഓരോ സോണിനെയും എട്ട് മുതല്‍ പത്ത് വരെ വാര്‍ഡുകളാക്കി തിരിച്ചു. അതില്‍ 27 വെന്‍ഡുകളും അനുവദിച്ചു. മദ്യ വില്‍പനശാലകള്‍ പുലര്‍ച്ചെ മൂന്നു മണി വരെ തുറക്കാനും, ഹോം ഡെലിവറിക്കും അവസരമൊരുക്കി. പ്രധാന മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, ബിസിനസ് ഏരിയകള്‍ എന്നിവിടങ്ങളില്‍ വില്‍പനാകേന്ദ്രങ്ങള്‍ തുറക്കാനും അനുവാദം നല്‍കി. റീട്ടെയ്ല്‍ ലൈസന്‍സ് എടുത്തവര്‍ക്കായി നിയമ ഇളവുകളും നടപ്പാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി വിലയ്ക്കു പകരം വില നിശ്ചയിക്കാനും, വില്‍പന വര്‍ധിപ്പിക്കാന്‍ കിഴിവുകള്‍ നല്‍കാനും നിയമപ്രകാരം അനുവാദം നല്‍കി.
പുതിയ നയത്തിന്‍റെ നടപടിക്രമങ്ങളില്‍ പോരായ്മയുണ്ടെന്നും ക്രമക്കേടുകളുണ്ടെന്നുമുള്ള ചീഫ് സെക്രട്ടറി നരേഷ് കുമാറിന്‍റെ വിലയിരുത്തല്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. 2022 ജൂലൈ എട്ടിന് ചീഫ് സെക്രട്ടറി എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനീഷ് സിസോദിയയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. അതിന്‍റെ പകര്‍പ്പ് ലഫ്. ഗവർണർ വിനയ് കുമാര്‍ സക്സേനയ്ക്കും അയച്ചു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ രൂപീകരിച്ച മദ്യനയം വഴി സര്‍ക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ ലഫ്. ഗവർണർ വികെ സക്സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ക്കൊടുവില്‍ 2022 ജൂലൈ 31ന് മദ്യനയം പിന്‍വലിച്ചു. 2022 ഓഗസ്റ്റ് 17ന് സിസോദിയയടക്കം 15 പേര്‍ക്കെതിരെ ആദ്യം സിബിഐയും ഓഗസ്റ്റ് 22ന് ഇഡിയും കേസെടുത്തു. റെയ്ഡുകളും നടത്തി. മദ്യനയ കേസില്‍ ഉള്‍പ്പെട്ടവരുമായി കെജ്‌രിവാള്‍ സ്വന്തം നിലയില്‍ ഇടപെട്ടിരുന്നെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.