fbwpx
കന്നഡ പാട്ട് ആവശ്യപ്പെട്ട യുവാവിനോട് 'പഹല്‍ഗാം' പരാമര്‍ശം; സോനു നിഗമിനെതിരെ എഫ്ഐആര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 03 May, 2025 09:22 PM

കന്നഡ ഗാനത്തിനായുള്ള ആവശ്യമല്ല മറിച്ച് ഭീഷണിയാണ് നേരിടേണ്ടിവന്നതെന്ന് സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

NATIONAL

സോനു നിഗം



ബെംഗളൂരുവിലെ സംഗീത പരിപാടിക്കിടെ, കന്നഡ പാട്ട് ആവശ്യപ്പെട്ട യുവാവിനോട് 'പഹല്‍ഗാം' പരാമര്‍ശം നടത്തിയ ഗായകന്‍ സോനു നിഗമിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സോനു പാടിക്കൊണ്ടിരിക്കെ, ഒരു യുവാവ് കന്നഡ പാട്ട് പാടാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതില്‍ ക്ഷുഭിതനായ സോനു കൊടുത്ത മറുപടിയാണ് നടപടിക്ക് കാരണം. അതേസമയം, സമൂഹമാധ്യമത്തില്‍ തന്റെ അഭിപ്രായത്തെ ന്യായീകരിച്ച സോനു നിഗം, തനിക്ക് ഭീഷണിയുണ്ടെന്നും വ്യക്തമാക്കി.

വിർഗോനഗറിലെ ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഏപ്രിൽ 25-26 തീയതികളില്‍ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. കന്നഡ ഗാനം പാടണമെന്ന് ഒരു വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അത് തുടര്‍ന്നപ്പോള്‍, സോനു മറുപടിയുമായെത്തി. "കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ഞാൻ പാടിയിട്ടുണ്ട്. വളരെയധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാന്‍ കര്‍ണാടകയിലേക്ക് വരുന്നത്. നിങ്ങളെല്ലാവരും എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് പരിഗണിക്കുന്നത്. ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ കന്നഡ പാട്ടുകൾ പാടാറുണ്ട്. ആ ചെറുപ്പക്കാരൻ ജനിക്കുന്നതിനു മുന്‍പേ ഞാൻ കന്നഡയിൽ പാടിയിട്ടുണ്ട്. എന്നാല്‍ അവൻ 'കന്നഡ, കന്നഡ' എന്ന് ആക്രോശിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇത്തരത്തിലുള്ള പെരുമാറ്റം മൂലമാണ് പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്" -സോനു മറുപടിയായി പറഞ്ഞു.


ALSO READ: സുപ്രീം കോടതിയുടെ ഇടപെടല്‍; ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' തിയേറ്ററുകളിലേക്ക്


സോനുവിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ചലച്ചിത്ര നിര്‍മാതാവ് കാര്‍ത്തിക് ഗൗഡ, കന്നഡ ആക്ടിവിസ്റ്റ് എസ്.ആര്‍. ഗോവിന്ദു ഉള്‍പ്പെടെ പ്രമുഖര്‍ സോനുവിനെതിരെ രംഗത്തെത്തി. പിന്നാലെ, കര്‍ണാടക രക്ഷണ വേദികെ എന്ന കന്നഡ അനുകൂല സംഘടന അവല്‍ഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സോനു നിഗമിന്റെ പ്രസ്താവന കന്നഡിഗ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിവിധ ഭാഷാ സമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതും, അക്രമത്തിന് കാരണമാകുന്നതുമാണ് പ്രസ്താവന. ഇതിനോടകം വൈറലായ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് കന്നഡിഗരുടെ വ്യാപക രോഷത്തിന് കാരണമായി. ഒരു കന്നഡ ഗാനം ആലപിക്കാനുള്ള ലളിതമായ അഭ്യര്‍ഥനയെ, 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സോനു നിഗം കന്നഡിഗ സമൂഹത്തെ അപമാനിക്കുകയും, അവരുടെ സാംസ്കാരിക അഭിമാനത്തെയും ഭാഷാപരമായ സ്വത്വത്തെയും അക്രമത്തോടും അസഹിഷ്ണുതയോടും സമീകരിക്കുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.

അതേസമയം, കന്നഡ ഗാനത്തിനായുള്ള ആവശ്യമല്ല മറിച്ച് ഭീഷണിയാണ് നേരിടേണ്ടിവന്നതെന്ന് സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആക്രോശിച്ചുകൊണ്ടിരുന്ന നാലോ അഞ്ചോ പേർ ഗുണ്ടകളെപ്പോലെയായിരുന്നു. മറ്റു പലരും അവരെ തടയാൻ ശ്രമിച്ചു. പഹൽഗാം ആക്രമണസമയത്ത് ആളുകളോട് അവരുടെ ഭാഷ ചോദിച്ചിട്ടില്ലെന്നത് അവരെ ഓർമിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. കന്നഡക്കാർ വളരെ സ്നേഹമുള്ള ഒരു ജനതയാണ്. മറ്റുള്ളവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെ അനുവദിക്കാനാവില്ലെന്ന് ആ നാലോ അഞ്ചോ പേരെ ഓർമിപ്പിക്കേണ്ടതും പ്രധാനമായിരുന്നു. സ്നേഹത്തിന്റെ നാട്ടിൽ വെറുപ്പിന്റെ വിത്തുകൾ വിതയ്ക്കുന്നവരെ നിങ്ങൾക്ക് അനുവദിക്കാനാകില്ല. അവർ ആവശ്യപ്പെടുകയല്ല, ഭീഷണിപ്പെടുത്തുകയായിരുന്നു," സോനു നിഗം കൂട്ടിച്ചേര്‍ക്കുന്നു.

KERALA
ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാകിസ്ഥാനിലും വിലക്ക്; നടപടി ഇന്ത്യയുടെ നിരോധനത്തിനു പിന്നാലെ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
തീപിടുത്തത്തിന് കാരണം ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്; പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍