കരകയറ്റാന്‍ ടൂളുണ്ട്, പേടിക്കേണ്ട; കിണറ്റില്‍ വീഴുന്ന മൃഗങ്ങളെ രക്ഷിക്കാന്‍ ഉപകരണം

ജോലിയില്‍ നിന്നും ലഭിച്ച അനുഭവത്തില്‍ നിന്നാണ് കിണറ്റില്‍ വീഴുന്ന ജീവികളെ രക്ഷിക്കാനുള്ള ഉപകരണം വികസിപ്പിച്ചത്.
കരകയറ്റാന്‍ ടൂളുണ്ട്, പേടിക്കേണ്ട; കിണറ്റില്‍ വീഴുന്ന മൃഗങ്ങളെ രക്ഷിക്കാന്‍ ഉപകരണം
Published on

കണ്ണൂര്‍ ഇരിട്ടിയില്‍ കിണറ്റില്‍ വീഴുന്ന മൃഗങ്ങളെ രക്ഷിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായിഫയര്‍ ഫോഴ്സ് ജീവനക്കാരന്‍. ഇരിട്ടി ഫയര്‍‌സ്റ്റേഷനിലെ ASTOഎന്‍.ജി. അശോകനാണ് ട്രൈപോഡ് എന്ന സംവിധാനം നിര്‍മിച്ചത്. ഈ സംവിധാനം ഉപയോഗിച്ച് ഉളിക്കലില്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷിച്ചു.

അഗ്നിരക്ഷാ സേനയില്‍ കഴിഞ്ഞ 30 വര്‍ഷമായി ജോലി ചെയ്ത് വരികയാണ് ഇരിട്ടി സ്വദേശി എന്‍.ജി അശോകന്‍. ജോലിയില്‍ നിന്നും ലഭിച്ച അനുഭവത്തില്‍ നിന്നാണ് കിണറ്റില്‍ വീഴുന്ന ജീവികളെ രക്ഷിക്കാനുള്ള ഉപകരണം വികസിപ്പിച്ചത്. പശു ഉള്‍പ്പെടെ വലിയ ജീവികള്‍ കിണറുകളിലും, ആഴമുള്ള കുഴികളിലും അകപ്പെട്ടാല്‍ മുകളില്‍ എത്തിക്കുന്നത് ഏറെ പ്രയാസമാണ്.  

പാര്‍ശ്വഭിത്തികളില്‍ ഉരഞ്ഞ് തൊലി പോകുകയും പരിക്ക് പറ്റുകയും ചെയ്യുന്നതും പതിവാണ്. ഭാരമുള്ള ജീവികളെ വലിച്ച് കയറ്റുമ്പോള്‍സേനയിലുള്ളവര്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. ഇതിനെല്ലാം പ്രതിവിധിയായാണ് അശോകന്‍ ട്രൈപോഡ് നിര്‍മിച്ചത്. ചുരുങ്ങിയ ചിലവിലാണ് നിര്‍മാണം. മൂന്ന് ഇരുമ്പ് പൈപ്പുകളിലാണ് ഉപകരണം ഉറപ്പിക്കുക. കിണറിന്റെ മുകളില്‍ ഉറപ്പിച്ച ട്രൈപോഡില്‍രണ്ട് കപ്പികള്‍ ഉറപ്പിച്ച ശേഷം നീളമുള്ള വലിയ കയര്‍ കപ്പികളില്‍ ഘടിപ്പിക്കും. പിന്നീട് ജീവിയുടെ ശരീരത്തില്‍ ഘടിപ്പിച്ച ബെല്‍റ്റുമായി കയര്‍ ബന്ധിപ്പിക്കും. ചുരുങ്ങിയ മനുഷ്യാധ്വാനം കൊണ്ട് പരിക്കില്ലാതെ ജീവിയെ അതുവഴി കരക്കെത്തിക്കാം. ആവശ്യനുസരണം വശങ്ങളിലേക്ക് നീക്കാനും സാധിക്കും

രക്ഷിച്ച ഗര്‍ഭിണിയായ പശുവിന്രണ്ട് ക്വിന്റലിന് മുകളില്‍ ഭാരമുണ്ടായിരുന്നു. 1000 കിലോ ഭാരം വരെ ട്രൈപോഡ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉയര്‍ത്താമെന്നാണ് അശോകന്റെ ആത്മവിശ്വാസം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com