
ചരിത്രം തിരുത്തിക്കുറിച്ച് സിറിയൻ സെൻട്രൽ ബാങ്ക് ഗവർണറായി ഒരു സ്ത്രീ നിയമിതയായി. മയ്സാ സബ്രീൻ ആണ് സെൻട്രൽ ബാങ്ക് ഗവർണറായി നിയമിതയായത്. 2021 ൽ ഗവർണറായി നിയമിച്ച മുഹമ്മദ് ഇസ്സാം ഹാസിമിനെ പുതിയ സിറിയൻ ഭരണകൂടം പുറത്താക്കിയതിനെ തുടർന്നാണ് സബ്രീന്‍റെ നിയമനം. ബാങ്കിൻ്റെ ഡെപ്യൂട്ടി ഗവർണറായും ഒാഫീസ് കൺട്രോൾ ഡിവിഷൻ മേധാവിയായും മയ്സാ സബ്രീൻ സേവനമനുഷ്ഠിച്ചിരുന്നു.
എഴുപതു വർഷത്തെ ചരിത്ര കാലയളവിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തിക്കൊണ്ടാണ് സിറിയയിൽ അഹ്മദ് അൽ ഷരായുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സെൻട്രൽ ബാങ്ക് ഗവർണറായി മയ്സാ സബ്രീനെ പ്രഖ്യാപിച്ചത്. മുൻ പ്രസിഡൻ്റ് ബഷാർ അൽ-അസദ് 2021 ൽ ഗവർണറായി നിയമിച്ച മുഹമ്മദ് ഇസ്സാം ഹാസിമിനെ പുറത്താക്കിയാണ് സബ്രീന്‍റെ നിയമനം.
പതിനഞ്ചു വർഷത്തെ അനുഭവസമ്പത്തുള്ള മയ്സാ സബ്രീൻ ബാങ്കിൻ്റെ ഡെപ്യൂട്ടി ഗവർണറായും ഓഫീസ് കൺട്രോൾ ഡിവിഷൻ മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു. ഡമാസ്‌കസ് സർവകലാശാലയിൽനിന്ന് അക്കൗണ്ടിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ മയ്സാ സബ്രീൻ അംഗീകൃത പബ്ലിക് അക്കൌണ്ടൻ്റ് കൂടിയാണ്. 2018 ഡിസംബർ മുതൽ ഡമാസ്കസ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഡയറക്ടർ ബോർഡ് അംഗമാണ്.
പുതിയ സിറിയൻ ഭരണകൂടം അധികാരത്തിലേറിയതുമുതൽ ഉദാര സാമ്പത്തിക നടപടികളുമായി മുന്നോട്ടുപോകുകയാണ് സെൻട്രൽ ബാങ്ക് . ചരക്കു കയറ്റുമതിക്കും ഇറക്കുമതിക്കും ആവശ്യമായിരുന്ന മുൻകൂർ അനുമതിയും വിദേശ കറൻസി ഉപയോഗത്തിനുള്ള കടുത്ത നിയന്ത്രണവും ഒഴിവാക്കി. എന്നാൽ സിറിയൻ ബാങ്കിനെതിരെ അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും ചുമത്തിയ ഉപരോധം മാറ്റിയിട്ടില്ല.
രാജ്യത്തെ സാമ്പത്തിക ആസ്തികൾ വിലയിരുത്താനുള്ള നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. 2011 ൽ ആഭ്യന്തരയുദ്ധം തുടങ്ങുമ്പോഴുണ്ടായിരുന്ന 26 ടൺ സ്വർണ്ണം ഇപ്പോഴും ശേഖരത്തിലുണ്ട്. എന്നാൽ വിദേശ നാണ്യ ശേഖരം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സംഘർഷത്തിൻ്റെ തുടക്കത്തിൽ 18 ബില്യൺ ഡോളറുണ്ടായിരുന്നത് നിലവിൽ 200 മില്യൺ ഡോളർ മാത്രമായാണ് അവശേഷിക്കുന്നത്.
പുതിയ സർക്കാർ വിവിധ വകുപ്പുകളുടെ തലപ്പത്തേക്കു നിയമിക്കുന്ന രണ്ടാമത്തെ വനിതയാണ് മയ്സാ സബ്രീൻ. വനിതാ ക്ഷേമ വകുപ്പിൻ്റെ അധ്യക്ഷയായി ഐഷ അൽദിബ്‌സിനെ നേരത്തെ നിയമിച്ചിരുന്നു.