ഹൈവോൾട്ടേജ് ലൈറ്റ് ഉപയോഗിച്ച് മീൻപിടിത്തം; ഇതരസംസ്ഥാന സംഘങ്ങളുടെ അനധികൃത മത്സ്യബന്ധനത്തിൽ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ

ഹൈവോൾട്ടേജ്‌ ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാൽ മത്സ്യക്കുഞ്ഞുങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. പരാതികൾ ലഭിച്ചിട്ടും അധികൃതർ ഇതരസംസ്ഥാന ബോട്ടുകളെ നിയന്ത്രിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം
ഹൈവോൾട്ടേജ് ലൈറ്റ് ഉപയോഗിച്ച് മീൻപിടിത്തം; ഇതരസംസ്ഥാന സംഘങ്ങളുടെ അനധികൃത മത്സ്യബന്ധനത്തിൽ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ
Published on

കേരളത്തിലെ മത്സ്യമേഖലയ്ക്ക് തിരിച്ചടിയായി ഇതര സംസ്ഥാന സംഘത്തിൻ്റെ അനധികൃത മത്സ്യബന്ധനം. ഹൈവോൾട്ടേജ്‌ ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാൽ മത്സ്യക്കുഞ്ഞുങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. പരാതികൾ ലഭിച്ചിട്ടും അധികൃതർ ഇതരസംസ്ഥാന ബോട്ടുകളെ നിയന്ത്രിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.


ഇതര സംസ്ഥാനങ്ങളിലെ ബോട്ടുകാരാണ് നിരോധിത രീതിയിൽ മത്സ്യബന്ധനം നടത്തി നമ്മുടെ മത്സ്യ സമ്പത്ത് ഊറ്റിയെടുത്തുകൊണ്ട് തീരദേശ മേഖലയെ നശിപ്പിക്കുന്നത്. രാത്രിയിൽ ആഴക്കടലിലാണ് ഒളിഞ്ഞും തെളിഞ്ഞുമാണ് ഈ മീൻപിടിത്തം. ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ശക്തിയേറിയ പ്രകാശം കടലിന് അടിത്തട്ടിലേക്ക് അടിക്കും. ഇതോടെ കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങൾ വരെ മുകളിലേക്ക് കൂട്ടമായി ഉയർന്നുവരും. ഇങ്ങനെ മത്സ്യകുഞ്ഞുങ്ങളെയടക്കം കൂട്ടമായി പിടിച്ചെടുക്കും.

കർണ്ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ബോട്ടുകൾ വരുന്നതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ഏതാനും മാസത്തേക്കുള്ള മത്സ്യം ഒരുമിച്ച് പിടിക്കാനാണ് സംഘം എത്തുന്നത്. ഇങ്ങനെ പിടികൂടുന്ന മത്സ്യങ്ങളെ വളമാക്കുന്നതിന് ഉൾപ്പെടെ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ചെറു ബോട്ടുകൾക്കും, ഇൻബോർഡ് വള്ളങ്ങൾക്കും നേരത്തെ ലഭിച്ചിരുന്ന മത്സ്യങ്ങൾ പോലും ഇപ്പോൾ ലഭിക്കുന്നില്ല. നിയമലംഘനം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകളെ നിയന്ത്രിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.


2024 ഏപ്രിൽ മുതൽ ഇതുവരെ കോഴിക്കോട് ജില്ലയിൽ മാത്രം നിരോധിത മത്സ്യബന്ധനം നടത്തിയ 41 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 12 നോട്ടിക്കൽ മൈൽ അപ്പുറത്തേക്ക് കടലിൽ പരിശോധന നടത്താൻ കേരള സർക്കാരിന് അധികാരമില്ലെന്നത് പരിമിതിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

മത്സ്യലഭ്യത ഇല്ലാതായതോടെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും രാത്രിയിലെ മീൻപിടിത്തം നിർത്തിവെക്കേണ്ടി വന്നു. പകൽ സമയത്ത് ജോലിക്ക് പോയാലും ചെലവുകാശുപോലും ലഭിക്കാത്തത്ര പ്രതിസന്ധിയാണ് മത്സ്യത്തൊഴിലാളികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.


കടലിന്റെ ആവാസവ്യവസ്ഥയെയും, അതിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെയും ഇല്ലാതാക്കുന്നതാണ് കൺകെട്ട് വിദ്യകൊണ്ടുള്ള ഈ മീൻപിടുത്തം. ഇത് തടയാൻ അധികാരികൾക്കെ കഴിയു. പക്ഷെ അതിന് അവർ ഉണർന്ന് പ്രവർത്തിക്കണം. മത്സ്യസമ്പത്തും, മത്സ്യത്തൊഴിലാളികളുടെ ജീവിതവും സംരക്ഷിക്കപ്പെടണം. സർക്കാർ നടപടികൾ വൈകരുതെന്ന നിർദേശവും ഉയരുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com