
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. പെരുമാതുറ സ്വദേശി സലീമിൻ്റെ ഫിർദൗസ് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 4 പേരെയും രക്ഷപ്പെടുത്തി. മറ്റൊരു വള്ളത്തിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പെരുമാതുറ സ്വദേശി സലീമിൻ്റെ ഉടമസ്ഥതയിലുള്ള ഫിർദൗസ് എന്ന വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു അപകടം. ഇതോടെ മുതലപ്പൊഴിയിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണുണ്ടായത്.
2006 ല്‍ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായ ശേഷം ഇതുവരെ 125 അപകടങ്ങളിലായി 73 മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഴുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ വള്ളവും വലയമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്.