
ഇക്വഡോർ പ്രസിഡൻ്റ് സ്ഥാനാർഥിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർക്ക് തടവ്. പ്രസിഡൻ്റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലാവിസെൻസിയോയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഇക്വഡോറിലെ ഏറ്റവും വലിയ ക്രിമിനൽ സംഘങ്ങളിലൊന്നുമായി ബന്ധമുള്ളവരാണ് പ്രതികൾ. കഴിഞ്ഞ വർഷമാണ് പ്രസിഡൻ്റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലാവിസെൻസിയോയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
രാജ്യത്തെ ദേശീയ അസംബ്ലി അംഗവും മുൻ മാധ്യമപ്രവർത്തകനുമായ വില്ലാവിസെൻസിയോ, കഴിഞ്ഞ ഓഗസ്റ്റിൽ തലസ്ഥാനമായ ക്വിറ്റോയിൽ ഒരു പ്രചരണ റാലിയിൽ നിന്ന് പുറത്തുപോകുമ്പോഴായിരുന്നു സംഭവം. കൊലപാതകം ആസൂത്രണം ചെയ്തതിന് ലോസ് ലോബോസ് സംഘത്തിൻ്റെ നേതാവ് കാർലോസ് അംഗുലോയെയും ലോറ കാസ്റ്റില്ലയെയും 34 വർഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചു. ആക്രമണ സംഘത്തെ സഹായിച്ചതിന് രണ്ട് പുരുഷന്മാർക്കും ഒരു സ്ത്രീക്കും ക്വിറ്റോയിലെ കോടതി 12 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. വില്ലാവിസെൻസിയോയെ വധിക്കാൻ സംഘത്തിന് 200,000 ഡോളറിലധികം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയ ഒരു പ്രധാന സാക്ഷി ഉൾപ്പെടെ 70-ലധികം ആളുകൾ വിചാരണയ്ക്കിടെ തെളിവ് നൽകി.
ഇക്വഡോറിലെ സംഘടിത കുറ്റകൃത്യങ്ങളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോപിക്കുന്ന ചുരുക്കം ചില സ്ഥാനാർഥികളിൽ ഒരാളായിരുന്നു അഴിമതി വിരുദ്ധ പ്രവർത്തകനായ വില്ലവിസെൻസിയോ. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്, ഇദ്ദേഹത്തിന് നേരെ വധഭീഷണി ഉയർന്നിരുന്നു. എന്നാൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം പ്രചരണം തുടർന്നു. ഓഗസ്റ്റ് ഒമ്പതിന് പ്രചരണത്തിനിടെ ക്വിറ്റോയ്ക്ക് സമീപം ഒരു സ്കൂളിന് പുറത്ത് ഒരു സംഘം അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.
വില്ലാവിസെൻസിയോയുടെ ഭാര്യ വെറോണിക്ക സരൗസ് വിധിയെ സ്വാഗതം ചെയ്തു. ഇക്വഡോർ ചരിത്രപരമായി ലാറ്റിനമേരിക്കയിൽ താരതമ്യേന സുരക്ഷിതവും സുസ്ഥിരവുമായ രാജ്യമാണ്, എന്നാൽ പ്രാദേശിക ക്രിമിനൽ സംഘങ്ങളിലേക്ക് നുഴഞ്ഞുകയറിയ കൊളംബിയൻ, മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളുടെ വർധിച്ചു വരുന്ന സാന്നിധ്യത്താൽ സമീപ വർഷങ്ങളിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.