കിറ്റുകൾ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. വയനാട് ദുരന്തബാധിതർക്കായി എത്തിച്ചതാണെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം.
ഉപതെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന വയനാട്ടിൽ ഇപ്പോൾ ചർച്ചയാവുന്നത് ഭക്ഷ്യകിറ്റുകളാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലിൽ ഇരയായവർക്ക് സർക്കാർ പുഴുവരിച്ച ഭക്ഷ്യവിതരണകിറ്റുകൾ വിതരണം ചെയ്തത് വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മില്ലിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയിരിക്കുകയാണ്. രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രങ്ങളടക്കമുള്ള കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡ് പിടികൂടിയത്. ഇതോടെ കിറ്റുകൾ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. വയനാട് ദുരന്തബാധിതർക്കായി എത്തിച്ചതാണെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം.
കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡൻ്റ് ശശികുമാറിൻ്റെ വീടിനോട് ചേർന്ന മില്ലിൻ്റെ ഗോഡൗണിൽനിന്നാണ് ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണോയെന്ന സംശയത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ കിറ്റുകൾ പിടിച്ചെടുത്തത്.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങളടങ്ങിയ സ്റ്റിക്കറുകൾ ഭക്ഷ്യക്കിറ്റുകളിൽ പതിച്ചിട്ടുണ്ട്. അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളാണ് കിറ്റിൽ. തിരുനെല്ലിയിലെ ആദിവാസി കോളനികളിലടക്കം വിതരണത്തിനെത്തിച്ചതാണോയെന്ന സംശയമാണ് ഉദ്യോഗസ്ഥർക്കുള്ളത്. കിറ്റുകൾ ഏതെങ്കിലും സ്ഥലത്ത് വിതരണം ചെയ്തിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ഈ കിറ്റുകൾ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണെന്ന ആരോപണമാണ് എൽഡിഎഫ് ഉയർത്തുന്നത്. സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യാൻ കരുതി വച്ച കിറ്റുകളാണ് കോൺഗ്രസ് പ്രവർത്തകൻ്റെ മില്ലിൽ നിന്ന് പിടികൂടിയതെന്നും സത്യൻ മൊകേരി ആരോപിച്ചു.
എന്നാൽ വയനാട് ദുരന്ത ബാധിതർക്കുള്ള ഭക്ഷ്യവിതരണത്തിനായി എത്തിച്ച കിറ്റുകളാണെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം. കിറ്റുകൾ ദുരന്തകാലത്ത് തയാറാക്കി വച്ചതാണെന്ന് പറഞ്ഞ ടി. സിദ്ദിഖ് എംഎൽഎ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കിറ്റുകൾ വിതരണം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. കിറ്റ് പിടിച്ചെടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
അതേസമയം ഉപയോഗ യോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് സർക്കാരിൻ്റെ നടപടി.
കഴിഞ്ഞ ദിവസം യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ കിറ്റിലാണ് പുഴുവരിച്ചതും ദുർഗന്ധം വമിക്കുന്നതുമായ അരി വിതരണം ചെയ്തത്. ഇത്തരത്തിൽ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത മേപ്പാടി പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തൊഴിൽ പോലും ഇല്ലാത്ത സാഹചര്യത്തിൽ നിത്യവൃത്തിക്ക് വഴിയില്ലാതെ കഴിയുന്ന വയനാട് ദുരന്തബാധിതർക്ക് ഏക ആശ്രയമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകൾ.