"ജനാധിപത്യത്തിന് വേണ്ടി, മാക്രോണിൻ്റെ അട്ടിമറി തടയുക"; ഫ്രാന്‍സില്‍ പ്രധാനമന്ത്രി നിയമനത്തില്‍ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം

"ജനാധിപത്യത്തിന് വേണ്ടി, മാക്രോണിൻ്റെ അട്ടിമറി തടയുക"; ഫ്രാന്‍സില്‍ പ്രധാനമന്ത്രി നിയമനത്തില്‍ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം

ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 110,000 പേരാണ് പങ്കെടുത്തത്
Published on

റിപ്പബ്ലിക്കൻസ് നേതാവ് മിഷേൽ ബാർണിയറെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതില്‍ ഫ്രാന്‍സില്‍ പ്രതിഷേധം. ഒരു ലക്ഷത്തിലധികം ആളുകളാണ് നടപടിയില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

ഫ്രാന്‍സ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ബ്ലോക്കായ ന്യൂ പോപ്പുലർ ഫ്രന്‍റാണ് (എന്‍പിഎഫ്) ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. എന്നാല്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. വലതുപക്ഷ സർക്കാർ രൂപീകരിക്കപ്പെടാനുള്ള സാധ്യതകള്‍ അവസാന നിമിഷം വരെ നിലനിന്ന തെരഞ്ഞെടുപ്പില്‍ ഇടത് - മധ്യ കക്ഷികള്‍ ഒന്നു ചേരുകയായിരുന്നു.

എന്‍പിഎഫിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ നിരസിച്ചാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ബാർണിയറെ നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളും എന്‍പിഎഫ് അംഗങ്ങളും പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളമുള്ള രാഷ്ട്രീയക്കാരുമായി ഒരു സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ്റെ മുൻ ബ്രെക്‌സിറ്റ് മധ്യസ്ഥന്‍ കൂടിയായ ബാർനിയർ പറഞ്ഞു.


ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 110,000 പേരാണ് പങ്കെടുത്തത്. ഇതില്‍ 26,000 പേർ പാരിസിലാണ് പ്രതിഷേധം അറിയിച്ചത്. എന്നാൽ ഇത് മൂന്ന് ലക്ഷത്തിനു മുകളിലാണെന്നാണ് പ്രക്ഷോഭകരുടെ ഭാഗത്ത് നിന്നുള്ള കണക്കുകള്‍. വിവധ സ്ഥലങ്ങളില്‍ നിന്നും 130ഓളം പ്രതിഷേധ റാലികള്‍ ഒത്തുചേർന്ന് സെന്‍ട്രല്‍ പാരിസില്‍ സംഗമിക്കുന്ന രീതിയിലായിരുന്നു പരിപാടി. "ജനാധിപത്യത്തിന് വേണ്ടി, മാക്രോണിൻ്റെ അട്ടിമറി തടയുക" എന്നായിരുന്നു പ്രതിഷേധ റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യം. ദേശീയ അസംബ്ലിയിലെ വിശ്വാസവോട്ടിനെ അതിജീവിക്കാനുള്ള സാധ്യതയില്ലെന്ന് പറഞ്ഞ് മാക്രോൺ എന്‍ഡിഎഫിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ലൂസി കാസ്റ്ററ്റ്സിനെ നിരസിച്ചതിൽ ഇടതുപക്ഷ പാർട്ടികൾ രോഷാകുലരാണ്.


വൻതോതിൽ സീറ്റുകൾ നേടിയ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണല്‍ റാലി ബാർണിയറുടെ മധ്യ-വലതുപക്ഷ നിലപാടുകളോട് യോജിപ്പുള്ളവരാണ്. അതിനാല്‍, ബാർണിയർക്ക് വിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് മാക്രോണിന്‍റെ പക്ഷം. എന്നാല്‍, തീവ്ര വലതുപക്ഷത്തെ ആശ്രയിക്കുന്നതായിരിക്കും ബാർണിയർ സർക്കാർ എന്ന വിമർശനങ്ങള്‍ക്കിത് വഴിവെച്ചു. "ഞങ്ങൾക്ക് ദേശീയ റാലിയെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ട്," കാസ്റ്ററ്റ്സ് പരിഹസിച്ചു.


ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാരിസിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ച ബാർണിയർ പൊതു സേവനങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചാണ് സംസാരിച്ചത്. എന്നാൽ, തൻ്റെ സർക്കാർ "അത്ഭുതങ്ങൾ കാണിക്കാൻ പോകുന്നില്ല" എന്ന് ആരോഗ്യ പ്രവർത്തകരോട് ബാർണിയർ പറഞ്ഞതായി പ്രാദേശിക ബ്രോഡ്കാസ്റ്ററായ ബിഎഫ്എംടിവി റിപ്പോർട്ട് ചെയ്തു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിക്കുന്നതിലാണ് പുതിയ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലതുപക്ഷ റിപ്പബ്ലിക്കൻ നേതാക്കളുമായും പ്രസിഡൻ്റിൻ്റെ സെൻട്രൽ എൻസമ്പിൾ ഗ്രൂപ്പുമായും ചർച്ചകൾ നടത്തി. ചർച്ചകള്‍ പ്രതീക്ഷ നല്‍കുന്നുവെന്നായിരുന്നു ബാർണിയറുടെ പ്രതികരണം. ന്യൂ പോപ്പുലർ ഫ്രന്‍റ്- 193, എന്‍സമ്പില്‍ സഖ്യം- 166, റിപ്പബ്ലിക്കന്‍ പാർട്ടിയും വലതുപക്ഷവും- 47, നാഷണല്‍ റാലി സഖ്യം- 142, മറ്റുള്ളവർ -29, എന്നിങ്ങനെയാണ് ഫ്രാന്‍സ് ദേശീയ അസംബ്ലിയിലെ സീറ്റുനില.

News Malayalam 24x7
newsmalayalam.com