മല്ലു ഹിന്ദു ഐഎഎസ് വാട്‌സ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന് വീണ്ടും കുരുക്ക്; ഹാക്കിങ് നടന്നിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

ഹാക്കിങ് നടന്നിട്ടില്ലെന്ന ഗൂഗിള്‍ റിപ്പോർട്ടിന് പിന്നാലെയാണ് ഫോറൻസിക് റിപ്പോർട്ട് എത്തിയിരിക്കുന്നത്
മല്ലു ഹിന്ദു ഐഎഎസ് വാട്‌സ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന് വീണ്ടും കുരുക്ക്; ഹാക്കിങ് നടന്നിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
Published on



മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില്‍ കെ. ഗോപാലകൃഷ്ണന് വീണ്ടും കുരുക്കായി പൊലീസ് റിപ്പോർട്ട്. ഫൊറൻസിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഹാക്കിങ് നടന്നിട്ടില്ലെന്ന് മെറ്റയും അറിയിച്ചതായി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

ഹാക്കിങ് നടന്നിട്ടില്ലെന്ന ഗൂഗിള്‍ റിപ്പോർട്ടിന് പിന്നാലെയാണ് ഫോറൻസിക് റിപ്പോർട്ട് എത്തിയിരിക്കുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഹാക്കിങ് നടന്നിട്ടില്ലെന്നുമായിരുന്നു ഗൂഗിള്‍ പൊലീസിന് നല്‍കിയ മറുപടി.


ഗോപാലകൃഷ്ണന്‍ പ്ലേ സ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഫോണില്‍ വേറെ ഐ.പി അഡ്രസ് ഉപയോഗിച്ച് ഇടപെടല്‍ നടന്നിട്ടില്ലെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു. ഗൂഗിൾ റിപ്പോർട്ടിന് കൂടുതല്‍ വ്യക്തത വരാനായി ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്.

അതേസമയം മല്ലു ഹിന്ദു വാട്ട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു സഭ. ഹിന്ദു എന്ന പേര് ഉപയോഗിച്ചതിൻ്റെ പേരിൽ ഉദ്യോഗസ്ഥനെ വേട്ടയാടരുതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബെൻസൽ പറഞ്ഞു. ഫോൺ ഹാക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞ സാഹചര്യത്തിൽ വ്യക്തി അധിക്ഷേപം നിർത്തണമെന്നും ബെൻസൽ ആവശ്യപ്പെട്ടു.

കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് എന്ന പേരില്‍ ഉണ്ടാക്കുകയും  ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വിശദീകരണം. ഹാക്കിങ് സംഭവിച്ചു എന്ന് കാണിച്ച് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് താന്‍ സന്ദേശം അയച്ചുന്നെ് വ്യക്തമാക്കിയ ഗോപാലകൃഷ്ണന്‍ തന്നെ സൈബര്‍ പൊലീസിന് പരാതി നല്‍കിയെന്നും അറിയിച്ചു.

ഗ്രൂപ്പ് ഡിലീറ്റായതിന് പിന്നാലെ, തന്റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്ക് ചെയ്തു. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തെന്നും, മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍തന്നെ ഫോണ്‍ മാറ്റുമെന്നുമാണ് ഗോപാലകൃഷ്ണന്‍ ഐഎഎസ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശം.

സര്‍വീസിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കിക്കൊണ്ടായിരുന്നു ഗ്രൂപ്പ്. അംഗങ്ങളില്‍ ചിലര്‍ വാട്‌സ് ആപ് ഗ്രൂപ്പിനെപ്പറ്റിയുള്ള ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചതായും സൂചനയുണ്ട്. അതിന് ശേഷമാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com