ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ ഇന്ന് രാത്രി തന്നെ രക്ഷപ്പെടുത്തുമെന്ന് വനം വകുപ്പ്

ദൗത്യം ഉടൻ ആരംഭിക്കുമെന്നും ആനയെ ഇന്ന് തന്നെ കാടുകയറ്റുമെന്നും അധികൃതർ അറിയിച്ചു.
ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ ഇന്ന് രാത്രി തന്നെ രക്ഷപ്പെടുത്തുമെന്ന് വനം വകുപ്പ്
Published on
Updated on


മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ കിണറ്റിൽ വീണ ആനയെ ഇന്ന് രാത്രി തന്നെ മണ്ണുമാന്തി കൊണ്ട് കിടങ്ങ് കീറി രക്ഷപ്പെടുത്തുമെന്ന് വനം വകുപ്പ്. ദൗത്യം ഉടൻ ആരംഭിക്കുമെന്നും ആനയെ ഇന്ന് തന്നെ കാടുകയറ്റുമെന്നും അധികൃതർ അറിയിച്ചു.

വകുപ്പു തല ഉദ്യോഗസ്ഥർ നാട്ടുകാരുമായി നടത്തിയ ചർച്ച ഫലം കണ്ടതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, ആനയെ മയക്കുവെടി വെക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അരീക്കോട് കൂരങ്കൽ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കൊമ്പനാന വീണത്.

ഇന്നലെ അർധരാത്രിയോടെ ആണ് ഏഴ് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ പരിശോധന നടത്തുന്നതിനിടെ ആണ് ആനകളിലൊന്ന് കിണറ്റിൽ വീണത്.

ആൾ മറയില്ലാത്ത കിണറിൻ്റെ 25 അടി താഴ്ചയിലാണ് കാട്ടാനയുള്ളത്. പുറത്തെത്തിക്കുമ്പോൾ പ്രകോപിതനാകാനുള്ള സാധ്യത പരിഗണിച്ച് ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ക്ഷീണിതനായ ആനയ്ക്ക് ജീവാപായം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം ഉപേക്ഷിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com