
വന്യജീവി ആക്രമണം നേരിടാൻ ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ വിവാദ തീരുമാനത്തിനെതിരെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ മാത്രമാണ് നിയമപരമായി പരിരക്ഷ ഉള്ളത്. ഗ്രാമ പഞ്ചായത്തുകൾ നിയമ വിരുദ്ധമായ നടപടികളിലേക്ക് പോകാൻ നേതൃത്വം കൊടുക്കുന്നത് നല്ലതല്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ദൂരവ്യാപകമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത്തരം സാഹസങ്ങളിലേക്ക് ആരും പോകാതിരിക്കുന്നതാണ് നാടിന് നല്ലത്. പ്രാദേശിക ഭരണകൂടം നിയമ ലംഘനത്തിന് നേരിട്ട് ആഹ്വാനം ചെയ്യുന്നത് അസാധാരണമാണ്. ശ്രദ്ധിക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിമാർ ആണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. തീരുമാനം ബന്ധപ്പെട്ടവർ പുനഃപരിശോധന നടത്തണം. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാനാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൻ്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശം എം പാനൽ ഷൂട്ടേഴ്സിന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വൈകാരികമായ തീരുമാനം അല്ലെന്നും നിയമ വിരുദ്ധ തീരുമാനമെന്ന് അറിയാമെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞത്. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒന്നിച്ചെടുത്ത തീരുമാനമാണ്. മേഖലയിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണെന്നും ചക്കിട്ടപാറ കെ. സുനിൽ പറഞ്ഞു.