രാധയുടെ മകന് വനം വകുപ്പിൽ താൽക്കാലിക വാച്ചറുടെ ജോലി; പ്രതിഷേധങ്ങൾക്കിടെ കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി

രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രി എ.കെ. ശശീന്ദ്രൻ അസാധാരണ പ്രതിഷേധമാണ് നേരിട്ടത്. റോഡിൽ കിടന്ന നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്
രാധയുടെ മകന് വനം വകുപ്പിൽ താൽക്കാലിക വാച്ചറുടെ ജോലി; പ്രതിഷേധങ്ങൾക്കിടെ കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി
Published on

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് വനം മന്ത്രി സന്ദ‍ർശിച്ചു. മരിച്ച രാധയുടെ വീട്ടിലെത്തിയ മന്ത്രി ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാധയുടെ മകന് വനം വകുപ്പിൽതാൽക്കാലിക വാച്ചറുടെ ജോലി നൽകുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു. ബേസ് ക്യാമ്പിലെ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി, ജനകീയ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് അറിയിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് വിളിച്ചത് യുഡിഎഫ് സമരത്തെയാണെന്നും മന്ത്രി വ്യക്തമാക്കി. കടുവയെ വെടിവെച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രിയുടെ നിർദേശമാണെന്നും അത് പ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്നും ശശീന്ദ്രൻ അറിയിച്ചു.

രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രി എ.കെ. ശശീന്ദ്രൻ അസാധാരണ പ്രതിഷേധമാണ് നേരിട്ടത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാ‍ർ മന്ത്രിയെ വഴി തടഞ്ഞത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോ​ഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് നടപടിക്കുശേഷവും മന്ത്രിയുടെ വാഹനവ്യൂഹം കടത്തിവിടാൻ നാട്ടുകാ‍ർ കൂട്ടാക്കാതിരുന്നതോടെ പ്രതിഷേധം കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കടന്നു. ഇതോടെ മന്ത്രിയുടെ വാഹനനം ഏറെ നേരം റോഡിൽ കിടന്നു. മന്ത്രിക്കെതിരെ ​ഗോ ബാക്ക് വിളിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാർക്കിടയിലൂടെ മന്ത്രിയുടെ വാഹനം രാധയുടെ വീട്ടിലെത്തിയത്. കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് രാധയുടെ വീട്ടിൽ വനംമന്ത്രി സന്ദർശിച്ചത്. 

കടുവ വീണ്ടും ആക്രമിച്ചതോടെ പ്രതിഷേധാഗ്നിയിൽ മുങ്ങിയിരിക്കുകയാണ് പഞ്ചാരക്കൊല്ലി. രാവിലെയോടെയാണ് ദൗത്യത്തിനിറങ്ങിയ RRT അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റു. ഷീൽഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

തുടർച്ചയായി ആക്രമണം വന്നതിനാൽ കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കൽ. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാൻ 30 അംഗ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. നാളെ രാവിലെ മുതലായിരിക്കും കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കുക. തെരച്ചിലിനായി കുങ്കിയാനയും എത്തും. അതേസമയം, കടുവ സഞ്ചാരപഥം മാറ്റിയെന്നാണ് സംശയം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com