ജീവിതത്തിൽ പുതിയ അധ്യായത്തിനു തുടക്കമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യകത്മാക്കി
ജെഎംഎം വിടുന്നുവെന്ന് വ്യക്തമാക്കി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ. തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് ചംപയ് സോറൻ തീരുമാനം അറിയിച്ചത്. പാർട്ടിയിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടു. തന്റെ ആത്മാഭിമാനത്തിന് അടിയേറ്റു എന്നും സോറൻ പറഞ്ഞു. ജീവിതത്തിൽ പുതിയ അധ്യായത്തിനു തുടക്കമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
"കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ രാഷ്ട്രീയ യാത്രയിൽ ആദ്യമായി ഉള്ളിൽ നിന്ന് തകർന്നുപോയി, എന്തുചെയ്യണമെന്ന് എനിക്ക് മനസ്സിലായില്ല, രണ്ട് ദിവസം, മൗനമായിരുന്ന് ആത്മപരിശോധന നടത്തി, മുഴുവൻ സംഭവത്തിലും എൻ്റെ തെറ്റ് എന്താണെന്ന് പരിശോധിച്ചു. അധികാരത്തോടുള്ള അത്യാഗ്രഹം എനിക്കില്ലായിരുന്നു, എൻ്റെ സ്വന്തം ആളുകൾ നൽകിയ വേദന എനിക്ക് എവിടെയാണ് പ്രകടിപ്പിക്കാൻ കഴിയുക."
ALSO READ: ബിജെപിയിലേക്കില്ല, എത്തിയത് വ്യക്തിഗത ആവശ്യത്തിന്; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ചംപയ് സോറൻ
എം.എൽ.എമാരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെങ്കിലും യോഗത്തിൻ്റെ അജണ്ട പോലും തന്നോട് പറഞ്ഞിട്ടില്ല. യോഗത്തിനിടെ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടെന്നും സോറൻ പറഞ്ഞു. അധികാരത്തോട് തനിക്ക് അത്യാഗ്രഹമില്ല. അതിനാൽ ഉടൻ രാജിവച്ചു. പക്ഷേ അത് തൻ്റെ ആത്മാഭിമാനത്തിന് പ്രഹരമേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജീവിതം മുഴുവൻ സമർപ്പിച്ച പാർട്ടിയിൽ തനിക്ക് ഒരു അസ്തിത്വവുമില്ലെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. പരാമർശിക്കാൻ ആഗ്രഹിക്കാത്ത മറ്റ് നിരവധി അപമാനകരമായ സംഭവങ്ങളും നടന്നിട്ടുണ്ട്. ഇത്രയും അപമാനത്തിനും അവഹേളനത്തിനും ശേഷം ഒരു ബദൽ പാത തേടാൻ നിർബന്ധിതനായി എന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.