വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി
പുലിപ്പല്ല് കേസിൽ മലയാളി റാപ്പർ വേടന്റെ അറസ്റ്റിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വനം വകുപ്പ് മുൻ മേധാവി വി. ഗോപിനാഥ്. അറസ്റ്റ് അങ്ങേയറ്റം നാണക്കേടും നടന്നത് അനാവശ്യ തിടുക്കവും നാടകവുമാണെന്നാണ് വനം വകുപ്പ് മുൻ മേധാവിയുടെ വിമർശനം. വേടനോട് കാണിച്ചത് വലിയ അനീതിയാണെന്നും ഗോപിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ആനക്കൊമ്പ് കേസും ഇതേ റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് നടന്നതെന്നും ഗോപിനാഥിന്റെ പോസ്റ്റിൽ ഓർമപ്പെടുത്തുന്നു.
അതേസമയം, പുലിപ്പല്ല് കേസില്‍ വേടനെ വിടാതെ പിന്തുടരുകയാണ് വനംവകുപ്പ്. വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. വേടൻ്റെ മാനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ലോക്കറ്റ് നൽകിയതായി വനംവകുപ്പ് പറയുന്ന രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും നീക്കം തുടങ്ങി.
Also Read: പുലിപ്പല്ല് കേസ്: വേടനെ വിടാതെ വനംവകുപ്പ്; കൂടുതൽ തെളിവ് ശേഖരിക്കാൻ നിർദേശം
ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. എന്നാൽ കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം.
ഗോപിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വേടനോട് കാണിച്ചത് വലിയ അനീതി.
വ്യാജ ആനക്കൊമ്പ് കൊണ്ട് ആരെയും കബളിപ്പിക്കാൻ കഴിയില്ല! എന്നാൽ ആർക്കും കടുവ / പുള്ളിപ്പുലി പല്ല് എന്നിവയുമായി സമാനമായ മറ്റ് മൃഗങ്ങളുടെ പല്ലുമായി ആശയക്കുഴപ്പമുണ്ടാകാം.
അനാവശ്യ തിടുക്കവും നാടകീയതയും! എന്തൊരു നാണക്കേടാണ്! പ്രത്യേകിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട ആനക്കൊമ്പ് കേസ് അതേ റേഞ്ച് ഓഫീസിൽ തന്നെ കൈകാര്യം ചെയ്തതാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ!