രാജ്യത്തെ ആരാണ് പ്രതിനിധീകരിക്കുന്നതെന്ന് തീരുമാനിക്കാനായി യുവാക്കള്‍ വോട്ടുചെയ്യണമെന്നും ഒബാമ കൂട്ടിച്ചേർത്തു
യുവാക്കളോട് വോട്ടവകാശം വിനിയോഗിക്കാന്‍ ആവശ്യപ്പെട്ട് മുൻ യുഎസ് പ്രസിഡൻ്റ് ബറാക്ക് ഒബാമ. ടൈറീസ് ഹാലിബർട്ടണ്‍, ടോമി ആൾട്ടർ എന്നിവരുടെ ബാസ്‌ക്കറ്റ് ബോൾ പോഡ്‌കാസ്റ്റായ "ദ യംഗ് മാൻ & ദി ത്രീയില്‍" ആയിരുന്നു ഒബാമയുടെ ആഹ്വാനം. രാഷ്ട്രീയത്തിന്‍റെ സാവധാനത്തിലുള്ള പുരോഗതിയില്‍ നിരാശപ്പെടരുതെന്ന് പറഞ്ഞ ഒബാമ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കമലാ ഹാരിസിന് പിന്തുണ അറിയിക്കുകയും ചെയ്തു.
"വോട്ട് ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾ വോട്ട് ചെയ്യാൻ പോകുന്നില്ല എന്നതിന്‍റെ അർഥം നിങ്ങളുടെ ഭാവി തീരുമാനിക്കാൻ ഒരു കൂട്ടം വൃദ്ധരെ നിങ്ങൾ അനുവദിക്കുമെന്നാണ്. നിങ്ങളുടെ സംഗീതത്തിന്‍റെ കാര്യത്തില്‍ നിങ്ങൾ അത് ചെയ്യില്ല, നിങ്ങളുടെ വസ്ത്രങ്ങളുടെ കാര്യത്തിൽ നിങ്ങൾ അത് ചെയ്യില്ല. പക്ഷേ നിങ്ങളുടെ ഭാവിയെപ്പറ്റി തീരുമാനിക്കാന്‍ അവർക്ക് അവസരം കൊടുക്കുകയാണ്. നിങ്ങളുടെ തൊഴിൽ സാധ്യതകൾ, ഭാവി, ചുറ്റുപാടുകൾ എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കാന്‍ നിങ്ങൾ അവരെ അനുവദിക്കുമോ?" ബറാക്ക് ഒബാമ പറഞ്ഞു. രാജ്യത്തെ ആരാണ് പ്രതിനിധീകരിക്കുന്നതെന്ന് തീരുമാനിക്കാനായി യുവാക്കള്‍ വോട്ടുചെയ്യണമെന്നും ഒബാമ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് വീണ്ടും കമലയ്ക്ക് പിന്തുണ അറിയിച്ച് ബറാക്ക് ഒബാമ രംഗത്തെത്തിയിരിക്കുന്നത്. ആരാകും അടുത്ത യുഎസ് പ്രസിഡന്‍റ് എന്ന ചോദ്യം അപ്രവചനീയമായി തുടരുകയാണ്. പ്രചരണ ഘട്ടത്തില്‍ ഇരു സ്ഥാനാർഥികളും അവരുടേതായ മേഖലകളില്‍ ശക്തി തെളിയിച്ചു കഴിഞ്ഞു. ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളുടെ പിന്തുണ നേടാനുള്ള അവസാന ഘട്ട പ്രചരണത്തിലാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാർട്ടിയും.
Also Read: ട്രംപിന്‍റെ ഡാറ്റകള്‍ ചോർത്തിയ ചൈനീസ് ഹാക്കർമാർ; എന്താണ് 'സോള്‍ട്ട് ടൈഫൂണ്‍'?
ഷിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി എന്‍പിർ നടത്തിയ ഏറ്റവും പുതിയ ജെന്‍ഫോർവേഡ് സർവേ പ്രകാരം, കറുത്തവർഗക്കാരായ യുഎസിലെ യുവാക്കൾക്കിടയിൽ കമല ഹാരിസിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. 10ൽ ആറ് പേരാണ് കമലയെ പിന്തുണയ്ക്കുന്നത്. എന്നാല്‍, നാല് വർഷം മുമ്പ് പ്രസിഡൻ്റ് ജോ ബൈഡന് ലഭിച്ച പിന്തുണയിൽ നിന്നുള്ള ശ്രദ്ധേയമായ ഇടിവാണിത്. 10 കറുത്തവർഗക്കാരില്‍ ഏഴിലധികം യുവാക്കളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പിന്തുണച്ചത്.
ഇതിനു വിപരീതമായി, മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് അഞ്ച് കറുത്തവർഗക്കാരായ അമേരിക്കക്കാരിൽ ഒരാളുടെ പിന്തുണ മാത്രമാണുള്ളത്. 25 ശതമാനം കറുത്തവംശജരായ പുരുഷന്മാരില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാർഥിക്ക് പിന്തുണ ലഭിച്ചപ്പോള്‍ കറുത്തവർഗക്കാരായ യുവതികളിൽ 12 ശതമാനം മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. അതേസമയം, 16 ശതമാനം പേർ ട്രംപിനും ഹാരിസിനും അപ്പുറം 'മറ്റൊരാൾ' എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
Also Read: ട്രംപിനെ വിടാതെ 'ഹാക്കര്‍ റോബര്‍ട്ട്'; പിന്നില്‍ മൂന്നംഗ ഇറാനിയന്‍ സംഘം?
കറുത്തവംശജരായ യുഎസ് പൗരന്മാർക്കിടയില്‍ ശക്തമായ പിന്തുണ നിലനിർത്തുക എന്നതാണ് കമല ഹാരിസിന്‍റെ പ്രധാന വെല്ലുവിളിയെന്ന് ഈ സർവേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് യുവാക്കള്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കരുതെന്ന ബറാക്ക് ഒബാമയുടെ പ്രസ്താവന. പരമാവധി യുവാക്കളെ കമലയ്ക്ക് അനുകൂലമായി രംഗത്തെത്തിക്കാനാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചരണ വിഭാഗം ശ്രമിക്കുന്നത്. നവംബർ 5നാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.