
കേസ് നടത്തിപ്പിന് സർവകലാശാല അനുവദിച്ച പണം തിരിച്ചടച്ച് കണ്ണൂർ സർവകലാശാല മുൻ വിസി ഡോ: ഗോപിനാഥ് രവീന്ദ്രൻ. തുക അനുവദിച്ചത് ക്രമവിരുദ്ധമെന്ന ഓഡിറ്റ് റിപ്പോർട്ടിന് പിന്നാലെയാണ് തിരിച്ചടച്ചത്. നാല് ലക്ഷം രൂപയാണ് തിരിച്ചടച്ചത്. വിസി നിയമനം റദ്ദാക്കിയതിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. കേസ് നടത്തിപ്പിനായി സർവകലാശാലയുടെ ഫണ്ടിൽ നിന്ന് തന്നെ തുക അനുവദിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
2022-ഒക്ടോബർ 21നാണ് എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ നിയമനം അസാധുവാണെന്ന ചാൻസലറുടെ ഉത്തരവ് ശരിവച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കുന്നത്. സെർച്ച് കമ്മിറ്റിയെ നിയോഗിച്ച് വിസി നിയമനം നടത്തുന്നതിന് പകരം, ഒരു വ്യക്തിയുടെ പേര് മാത്രം നിർദേശിച്ച് കൊണ്ട് വൈസ് ചാൻസലർ നിയമനം നടത്തിയാൽ അത് അസാധുവാകുമെന്നും സുപ്രീം കോടതി വിധിയിൽ അറിയിച്ചു.
ഉത്തരവിനെ തുടർന്ന് കണ്ണൂർ വിസിയായിരുന്ന ഗോപിനാഥ് രവീന്ദ്രനും, ആ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നു. വിസിയോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ ഒക്‌ടോബർ 24ന് കത്ത് നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു വിസിയുടെ തീരുമാനം. കേസിൻ്റെ നടത്തിപ്പിന് വേണ്ടിയായിരുന്നു നാല് ലക്ഷം രൂപ യൂണിവേഴ്സിറ്റി അനുവദിച്ചത്. അതായത് യൂണിവേഴ്സിറ്റിക്കെതിരെ കേസ് നടത്താൻ യൂണിവേഴ്സിറ്റി തന്നെ പണം അനുവദിക്കുകയാണ് ഉണ്ടായത്. അതിനോടൊപ്പം സർവകലാശാലയ്ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകനും പണം നൽകിയിരുന്നു. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് 32 ലക്ഷത്തോളം രൂപയാണ് യൂണിവേഴ്സിറ്റി ആകെ ചെലവഴിച്ചത്.