fbwpx
"വി.ഡി. സതീശനെ കാണാൻ പോയത് അച്ഛൻ്റെ വാക്കിൻ്റെ പുറത്ത്, പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല"; പ്രതിപക്ഷ നേതാവിനെതിരെ കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 04:33 PM

തനിക്ക് സതീശനെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും പാർട്ടി നേതാവ് സംസാരിക്കേണ്ട രീതിയിലായിരുന്നില്ല സതീശൻ സംസാരിച്ചതെന്നും വിജേഷ് ആരോപിച്ചു

KERALA


തനിക്കെതിരെ ഭീഷണിയുയർന്നെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ വാദത്തിൽ മറുപടിയുമായി വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബം. അച്ഛൻ്റെ വാക്കിൻ്റെ പുറത്താണ് വി.ഡി. സതീശനെ കാണാൻ പോയതെന്ന് എൻ.എം. വിജയൻ്റെ മകൻ വിജേഷ് വ്യക്തമാക്കി. തനിക്ക് സതീശനെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും പാർട്ടി നേതാവ് സംസാരിക്കേണ്ട രീതിയിലായിരുന്നില്ല സതീശൻ സംസാരിച്ചതെന്നും വിജേഷ് ആരോപിച്ചു. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വന്നവർക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നെന്നും അത് തന്നോട് വേണ്ടെന്നുമായിരുന്നു സതീശൻ്റെ പ്രസ്താവന.


താൻ ഭീഷണിപ്പെടുത്തിയാൽ ഭീഷണിപ്പെടുന്ന ആളല്ല വി.ഡി. സതീശനെന്ന് വിജേഷ് പറഞ്ഞു. കാര്യങ്ങൾ വ്യക്തമായി പറയുമോ എന്ന ആശങ്ക അവർക്ക് ഉണ്ടാകും. പാർട്ടി നേതാക്കളിൽ നിന്ന് നീതി കിട്ടുമെന്ന കാര്യത്തിൽ പ്രതീക്ഷയില്ല. അച്ഛൻ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നും വിജേഷ് വ്യക്തമാക്കി.


ALSO READ: "കെ. സുധാകരൻ്റെയും വി.ഡി. സതീശൻ്റെയും പെരുമാറ്റം വിഷമിപ്പിക്കുന്നത്"; കോൺഗ്രസ് നേതൃത്വത്തിനെതിരെ എൻ.എം. വിജയൻ്റെ കുടുംബം


രാഷ്ട്രീയമല്ല, പൊലിഞ്ഞ രണ്ട് ജീവനുകൾ മാത്രമാണ് പ്രശ്നമെന്നും വിജേഷ് ചൂണ്ടിക്കാട്ടി. ഒരിക്കലും വാക്ക് മാറ്റി പറയില്ല. മരണശേഷവും അച്ഛന് പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ല. ഒരുവട്ടം പോലും സംസാരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ലെന്നും വിജേഷ് ആരോപിച്ചു.

സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിജയൻ്റെ മരണത്തെ നിസാരമായി കാണുന്നെന്നാണ് കുടുംബത്തിൻ്റെ വാദം. കെ. സുധാകരനെയും വി.ഡി. സതീശനെയും നേരിട്ട് പോയി കണ്ടതാണ്. കത്ത് വായിച്ചിട്ടു പോലുമില്ലെന്നാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. ചെന്ന് കണ്ടപ്പോഴുള്ള സതീശൻ്റെ പെരുമാറ്റം പൊതുസമൂഹത്തിൽ പോലും പറയാൻ പറ്റാത്തതാണെന്നും കുടുംബം ആരോപിച്ചിരുന്നു. കത്ത് വ്യാജമായി ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്. നേതാക്കളുടെ പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്നും ഇനി നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും വിജേഷും കുടുംബവും വ്യക്തമാക്കിയിരുന്നു.


എന്നാൽ കത്ത് കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിഷയം പാർട്ടി അന്വേഷിക്കുന്നുണ്ടെന്നുമാണ് വി.ഡി. സതീശൻ്റെ പക്ഷം. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല. തന്നെ കാണാൻ വന്നവർക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. അത് തന്നോട് വേണ്ടെന്നും സതീശൻ പറഞ്ഞിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും വിഷയം നേതൃത്വം പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകിയിരുന്നു.


ALSO READ: എൻ. എം. വിജയൻ്റെ മരണം; സത്യാവസ്ഥ അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് വി. ഡി. സതീശൻ, തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് കെ. മുരളീധരൻ


അതേസമയം എൻ. എം. വിജയൻ്റെ മരണത്തിൽ സി. ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ആവശ്യപ്പെട്ടു. ഇരട്ട കൊലപാതകമാണ് വയനാട്ടിൽ നടന്നത്. കോഴപ്പണത്തിന്റെ പങ്ക് വി. ഡി. സതീശനും കെ. സുധാകരനും പങ്കു പറ്റിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിൽ സമഗ്രമായ അന്വേഷണം വേണം എന്നും വി. കെ. സനോജ് പറഞ്ഞു. ഐ.സി. ബാലകൃഷ്ണനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.


വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 


Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു