പ്രവാചകനിന്ദയാരോപിച്ച് അധ്യാപകനെ തലയറുത്തുകൊന്ന കേസ്; എട്ട് പേർ കുറ്റക്കാരെന്ന് ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ കോടതി

പൊലീസ് വെടിവയപ്പിൽ കൊല്ലപ്പെട്ട കേസിലെ പ്രതി, അബ്ദൊല്ല അന്‍സൊറോവുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്‍സൊറോവ് കൊലപാതകത്തിന് മുന്‍പ് സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ-ഷാമുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുമുണ്ട്.
പ്രവാചകനിന്ദയാരോപിച്ച് അധ്യാപകനെ തലയറുത്തുകൊന്ന കേസ്; എട്ട് പേർ കുറ്റക്കാരെന്ന് ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ കോടതി
Published on

ഫ്രാന്‍സില്‍ പ്രവാചകനിന്ദയാരോപിച്ച് അധ്യാപകനെ തലയറുത്തുകൊന്ന കേസില്‍ പ്രതിപ്പട്ടികയിൽ  അവശേഷിച്ച 8 പേരുടെ വിധി പറഞ്ഞു. 2020 ലാണ് സാമുവല്‍ പാറ്റി എന്ന ചരിത്രാധ്യാപകനെ സ്കൂളിനുമുന്നില്‍വെച്ച് തലയറുത്ത് കൊലപ്പെടുത്തിയത്. കേസിൽ എട്ട് പേർ കുറ്റക്കാരാണെന്ന് ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ കോടതി വിധിച്ചു. ആവിഷ്കാര സ്വാതന്ത്രത്തെക്കുറിച്ച് ക്ലാസെടുക്കുന്നതിനിടെ ഷാർലി എബ്ദോ പ്രസിദ്ധീകരിച്ച പ്രവാചകന്‍റെ വിവാദ കാർട്ടൂണില്‍ ചർച്ച നടത്തിയെന്ന് ആരോപിച്ചായിരുന്നു വധം.

അധ്യാപകനെതിരെ മൊഴിനൽകിയ പെണ്‍കുട്ടിയുടെ പിതാവും, വിദ്വേഷപ്രചാരണത്തിന് നേതൃത്വം കൊടുത്തയാളുമായ ബ്രാഹിം സി, സാമുവല്‍ പാറ്റിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച അബ്ദുൽഹക്കിം സെഫ്രി എന്ന ഇമാം എന്നിവരടക്കം 8 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊലപാതക ഗൂഢാലോചനയാണ് ഇവർക്കെതിരായ കുറ്റം. ഇസ്ലാമിസ്റ്റ് ഭീകരാക്രമണമെന്ന നിലയില്‍ പരിഗണിക്കുന്ന കേസില്‍ ഇവരുടെ തീവ്രവാദ ബന്ധവും വിചാരണകാലളവില്‍ പരിശോധിക്കപ്പെട്ടിരുന്നു.

Also Read; ജർമനിയിൽ ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറി അപകടം; രണ്ട് മരണം, 60 പേർക്ക് പരുക്ക്

പൊലീസ് വെടിവയപ്പിൽ കൊല്ലപ്പെട്ട കേസിലെ പ്രതി, അബ്ദൊല്ല അന്‍സൊറോവുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്‍സൊറോവ് കൊലപാതകത്തിന് മുന്‍പ് സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ-ഷാമുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുമുണ്ട്. കൊലപാതകവുമായുള്ള ബന്ധം തഹ്‌രീർ അൽ-ഷാം നിഷേധിച്ചിട്ടുണ്ടെങ്കിലും, കേസിലെ ഭീകരവാദ ബന്ധം ഫ്രാന്‍സ് തള്ളിയിട്ടില്ല. ഫ്രാന്‍സിലെ മുസ്ലിംവിരുദ്ധതയെ ആളികത്തിക്കുക കൂടി ചെയ്ത കേസിലെ വിധി ചർച്ചചെയ്യുകയാണ് ലോകരാജ്യങ്ങൾ

പ്രവാചകനെ നഗ്നനായി ചിത്രീകരിച്ച ഷാർലി എബ്ദോയുടെ 2012 ലെ വിവാദ കാർട്ടൂണുകൾ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. 2015 ല്‍ 12 പേർ കൊല്ലപ്പെട്ട ഷാർലി എബ്ദോ വെടിവെപ്പിനുശേഷം എല്ലാ വർഷവും ഈ കാർട്ടൂണുകള്‍ ക്ലാസിലുള്‍പ്പെടുത്തിയിരുന്നു ചരിത്രാധ്യപകനായ സാമുവല്‍ പാറ്റി. എന്നാല്‍ 2020 ഒക്ടോബർ 5ന് പതിവുപോലെ നടന്ന ക്ലാസിനുശേഷം സാമുവല്‍ പാറ്റിക്കെതിരെ വിദ്യാർഥികളിലൊരാളുടെ പിതാവ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരമാരംഭിച്ചു.

അധ്യാപകന്‍റെ പേരും സ്കൂളിന്‍റെ മേല്‍വിലാസവുമടക്കം പങ്കുവെച്ചുകൊണ്ടുള്ള ഈ പ്രചാരണത്തിന്‍റെ 11ാം ദിവസം 2020 ഒക്ടോബർ 16 ന് സ്കൂളിനുപുറത്തുവെച്ച് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടു.
സ്കൂളിനുപുറത്തുവെച്ച് അറവുകത്തിക്കൊണ്ട് സാമുവലിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി, അധ്യാപകന്‍റെ തലയറുത്തു. ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചു. അബ്ദൊല്ല അന്‍സൊറോവ് എന്ന പതിനെട്ടുകാരനായിരുന്നു പ്രതി. റഷ്യയ്ക്ക് കീഴിലെ ചെച്ന്‍ പ്രവശ്യയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ഇയാള്‍ അറസ്റ്റുചെറുക്കുന്നതിനിടെ പോലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു.

കൊലപാതകിയെ ആയുധം വാങ്ങാന്‍ സഹായിച്ചവരും, പണത്തിനുവേണ്ടി സാമുവലിനെ ചൂണ്ടിക്കാട്ടിയവരും, അടക്കം 6 കൗമാരക്കാർക്കെതിരെ 2023 ല്‍ ശിക്ഷാവിധിയുണ്ടായി. വിചാരണക്കിടെ സാമുവലിനെതിരായ പ്രചാരണം ആദ്യമാരംഭിച്ച പെണ്‍കുട്ടി മൊഴിമാറ്റി. സാമുവല്‍ ക്ലാസില്‍ ചിത്രങ്ങള്‍ കാണിച്ചെന്നും മുസ്ലിം വിദ്യാർഥികളോട് ക്ലാസിന് പുറത്തേക്ക് പോകണമെന്ന് പറഞ്ഞതായുമുള്ള മൊഴി തീർത്തും തെറ്റായിരുന്നു. സംഭവസമയത്ത് 13 കാരിയായിരുന്ന പെണ്‍കുട്ടി അന്ന് ക്ലാസില്‍ തന്നെയുണ്ടായിരുന്നില്ല. ഈ വിവരം മറ്റൊരു പ്രതിയായ പിതാവിനുമറിയാമായിരുന്നു. ക്ലാസിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി അന്നേ ദിവസം സാമുവല്‍ കാർട്ടൂണുകള്‍ ക്ലാസില്‍ കാണിച്ചില്ലെന്നും, ചർച്ചയില്‍ താത്പര്യമില്ലാത്ത വിദ്യാർഥികള്‍ക്ക് പുറത്തുപോകാമെന്നാണ് പറഞ്ഞതെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com